കഥ | തേങ്ങലും വിങ്ങലും തീരും....
കഥ| തേങ്ങലും വിങ്ങലും തീരും
കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കയറി എനിക്ക് അനുവദിച്ചു തന്ന സീറ്റിൽ ഇരിപ്പുറപ്പിച്ചപ്പോൾ മിഴികൾ അടച്ച് നിശ്വാസം ഉതിർത്തു... സാധാരണ നാട്ടിലേക്ക് പോവുമ്പോൾ ഉള്ള ഉല്ലാസമോ ആഹ്ളാദമോ അന്നില്ലായിരുന്നു. വിചാരങ്ങൾ മുഴുവൻ അച്ഛന്റെയും അമ്മയുടെയും ഇപ്പോഴത്തെ സ്ഥിതി എന്താവും എന്ന് മാത്രം...
“നീ വാ... എന്നെകൊണ്ട് ആവുന്നില്ല...” അമ്മ രണ്ട് വാചകത്തിൽ ഫോൺ സംസാരം ചുരുക്കിയപ്പോൾ മനസ്സ് പിടഞ്ഞിരുന്നു. അച്ഛന് പലവിധം വയ്യായ്മകൾ കുറെ വർഷങ്ങൾ ആയിട്ട് ഉണ്ടായിരുന്നു എങ്കിലും, അമ്മയുടെ ശബ്ദം ഇടറിയതും സംസാരം ഇടക്ക് മുറിഞ്ഞു പോയതും ആദ്യമായിട്ടായിരുന്നു. പിന്നെ വേറെ ഒന്നും ഓർത്തില്ല... നേരെ ടിക്കറ്റ് ബുക്ക് ചെയ്തു യാത്രയായി.
“മാക്സിമം പത്ത് ദിവസം... അടുത്ത ടെണ്ടർ ആവുമ്പോഴേക്കും വരണം" സീനിയർ മാനേജർ അങ്ങനെയല്ലേ പറഞ്ഞുള്ളൂ എന്ന ആശ്വാസത്തിലായിരുന്നു ഞാൻ.
“ശരി സർ” എന്ന എന്റെ പ്രോമിസ്, അദ്ദേഹം സ്വീകരിച്ചു.
“ഫോർഗെറ്റ് എബൌട്ട് വർക്.. യു ലുക്ക് ആഫ്റ്റർ യുവർ പേരെന്റ്സ്” എം ഡി യുടെ സമാശ്വാസവാക്കുകൾ അനുഗ്രഹം പോലെ എനിക്ക് തോന്നി.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് അറേബ്യൻ കര കഴിഞ്ഞു അറബിക്കടലിന്റെ മുകളിൽ ഗ്ലൈഡ് ചെയ്യുന്ന വിമാനത്തിലെ ഏതാണ്ട് എല്ലാ യാത്രികരും ഉറങ്ങാതെ ഉറങ്ങുന്നത് എനിക്ക് കാണാം. ഞാനും കണ്ണുകൾ അടച്ചു ഒന്ന് മയങ്ങാൻ ശ്രമിച്ചു. നാട്ടിൽ എന്തൊക്കെ നടക്കുന്നു... ഇനി എന്തൊക്കെ നടക്കാൻ പോവുന്നു... എന്നീ ചിന്തകൾ തലച്ചോറിൽ നിറയെ തീക്ഷ്ണമായ തൂവെള്ള വെളിച്ചം നിറച്ചു.
എന്നിട്ടും ആ യാത്രയുടെ ഏതോ യാമത്തിൽ ഞാനും മയങ്ങി. മുൻപ് അമ്മമ്മയാണ് സ്വപ്നങ്ങളെ കുറിച്ച് കഥകൾ പറയുക. വെറുതെ മയങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങൾ അപ്പോഴത്തെ വികാരവിചാരങ്ങൾക്കനുസരിച്ചുള്ളതായിരിക്കും എന്ന് അമ്മമ്മ പറയാറുണ്ട്.
എന്റെ അമ്മക്ക് നല്ല കൈപ്പുണ്യം ആണെന്ന് ഞങ്ങളുടെ നാട്ടിലെ അയൽവീട്ടിൽ ഉള്ളവർ എല്ലാരും പറയും.
ഞങ്ങളുടെ കുടുംബത്തിലെയും അടുത്തുള്ള അറിയുന്നവരുടെ വീടുകളിലെയും വയസ്സായവർ മരണക്കിടക്കയിൽ കിടക്കുമ്പോൾ, ആ വീട്ടിലുള്ളവർ അവിടേക്ക് അമ്മയെ വിളിക്കും...
“അപാത്യേമ്മേ... ഇങ്ങള് ഇങ്ങട് വന്നിട്ടേയ്, മുത്തശ്ശിക്കൊരു സ്പൂൺ കഷായവെള്ളം കൊടുക്കിൻ”.
അമ്മയുടെ കൈകൊണ്ട് വെള്ളം കുടിച്ചാൽ ആ ആത്മാവിന് നിത്യശാന്തി കിട്ടും എന്ന് എല്ലാർക്കും ഒരു വിശ്വാസം...
“പ്രാണനെ വിട്ടുപോവുന്ന ആത്മാവിനെ പലകുറി കണ്ടനുഭവിച്ചിട്ടുണ്ട്” എന്ന് അമ്മ ചിലപ്പോൾ കുട്ട്യോളോട് കഥ പറയും.
“പ്രാണൻ,നമ്മുടെ ശരീരത്തിനെ ആത്മാവുമായി ബന്ധിപ്പിക്കുന്നത് നാഡീവ്യൂഹത്തിലൂടെയാണ്. നമ്മുടെ ജീവിതാവസാനത്തിൽ ആ നാഡീവ്യൂഹം മെല്ലെ അയഞ്ഞുവീഴുന്നു. അങ്ങനെയാണ് നമ്മുടെ ആത്മാവ് പ്രാണനെയും ദേഹത്തേയും വിട്ടുപിരിയുന്നത് ”.
അച്ഛമ്മ, അമ്മമ്മ, അമ്മിണിയേടത്തി, ജാനകിയമ്മ, പൂജാരി എമ്പ്രാന്തിരി, അമ്മുവമ്മ, പാറുക്കുട്ടിയമ്മ... അങ്ങനെ എനിക്ക് ഓർമയുള്ള ആത്മാക്കൾ തന്നെ അനവധിയാണ്. അമ്മയുടെ ധൈര്യവും മനസ്സിനെ ഏകാഗ്രതയോടെ നിർത്തി, തന്നിൽ അർപ്പിച്ച കർമത്തെ ചെയ്തു തീർക്കുന്നതിനുള്ള അതിയായ ആഗ്രഹവുമാണ് ഇത്തരം സന്ദർഭങ്ങളിൽ അചഞ്ചലചിത്തയായി പെരുമാറാൻ അമ്മയെ സഹായിച്ചത്.
“ഡാ നീ വരുന്നോ? ജാനകിയമ്മക്ക് തീരെ വയ്യാത്രെ... സുധാകരൻ വൈദ്യര് വന്നിട്ട് വേഗന്നേ തിരിച്ചു പോയീന്ന്... എല്ലാരേം അറിയിച്ചോളാൻ പറഞ്ഞൂത്രേ...” അമ്മയുടെ പിന്നാലെ ഞാനും നടന്നു.
“അവരുടെ ദേഹം കണ്ടാൽ പേടി വരുംട്ടോ... പേടിക്കണ്ട ഞാനില്ല്യേ”! അമ്മ എനിക്കൊരു ലേശം ധൈര്യം തന്നതാണ്.
വടക്കിനിയിലെ ഇരുട്ടുള്ള ചെറിയ മുറിയിൽ ആണ് ജാനകിയമ്മയെ കിടത്തിയിരുന്നത്. സ്ത്രീകളെല്ലാം കരച്ചിൽ, കണ്ണുകളിൽ അടക്കി ചുറ്റും നിൽക്കുന്നു. അമ്മയെ കണ്ടതും ജാനകിയമ്മയുടെ മകൾ സരോജിനി ഭവ്യതയോടെവന്ന് അമ്മയുടെ കൈപിടിച്ചു. അവർ കരയുന്നുണ്ടായിരുന്നുഎന്ന് ആ ഇരുണ്ട മുറിയിലും എനിക്ക് കാണാമായിരുന്നു.
അമ്മ പതുക്കെ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. പടിഞ്ഞാറുനിന്നും വരുന്ന വെയിലിന്റെ മങ്ങിയ വെട്ടം കൊണ്ട് ജാനകിയമ്മയുടെ മുഖം കാണാം. ചെറുപ്പകാലത്തെ ജാനകിയമ്മ, എല്ലാരേയും വിറപ്പിച്ചിരുന്ന ഒരു വീട്ടമ്മ ആയിരുന്നു എന്ന്, അമ്മ മുൻപ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോൾ തീർത്തും ഒരു അസ്ഥികൂടം മാത്രമായിരിക്കുന്നു. മേൽചുണ്ട് മുഴുവൻ വായിനുള്ളിലേക്ക് കയറിഭീതിജനകമായ മുഖഭാവം.... ഞാൻ ഒന്നേ നോക്കിയുള്ളൂ. ഞാൻ പേടിച്ചത് അമ്മ കണ്ടു. “പേടിക്കണ്ടടാ..” അമ്മ പതിയെ എന്നോട് പറഞ്ഞു.
പെട്ടെന്നു അതുവരെ ബോധം ഇല്ലാതിരുന്ന ജാനകിയമ്മ നീണ്ട ശ്വാസം എടുക്കാൻ തുടങ്ങി. അവർ ചെറുതായി വലതുകൈ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. അമ്മക്ക് നേരെ തിരിഞ്ഞു വായ് തുറന്നു എന്തോ പറയുന്നുണ്ട്. “അപ്പാത്യേ ഇത്തിരി വെളളം തായോ..”
സുധാകരൻ വൈദ്യരുടെ കഷായവെള്ളം ഒരു സ്പൂണിൽ അമ്മ ജാനകിയമ്മയുടെ വരണ്ട ചുണ്ടുകൾക്കിടയിലൂടെ ഇറ്റിച്ചു. അവരുടെ അസ്ഥികൂടം പോലത്തെ മുഖവും കൈകാലുകളും എന്നിൽ ഭീതി നിറച്ചു. അമ്മയുടെ ധൈര്യത്തിൽ ആണ് ഞാൻ അവിടെ തന്നെ നിന്നത്.
ജാനകിയമ്മയുടെ ശ്വാസംവലിക്ക് തീവ്രതയേറി. ഉച്ചത്തിലുള്ള ഒരു അലർച്ചപോലെ എനിക്ക് തോന്നി. ഓരോ ശ്വാസത്തിലും അവരുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുവന്നു.... നിശ്വാസത്തിൽ കണ്ണിന്റെ കൃഷ്ണമണി എങ്ങോ പോയിമറയുന്നു. അഞ്ചോ ആറോ തവണ അതുപോലെ ജാനകിയമ്മ ശ്വാസനിശ്വാസങ്ങൾ ഉതിർത്തു. പെട്ടെന്ന് ലോകം തന്നെ നിന്നപോലെ അന്തരീക്ഷത്തിൽ നിശബ്ദത...
അമ്മ ജാനകിയമ്മയുടെ പൾസ് പരിശോധിച്ചു... എന്തോ തീരുമാനിച്ചപോലെ അവരുടെ കൈ പതുക്കെ തിരിച്ചു കട്ടിന്മേൽ വെച്ചു. തുറന്നു കിടന്നിരുന്ന കൺപോളകൾ അടച്ചു. കീഴ്ത്താടിയിൽഅമർത്തി, തുറന്ന വായ അടച്ചു.
അമ്മയുടെ പിന്മാറ്റം എല്ലാരും ശ്രദ്ധിച്ചു എന്ന് എനിക്ക് മനസ്സിലായി. കൂടി നിൽക്കുന്നവരുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ നിലവിളിയായി പുറത്തു വന്നു. എന്റെ കൈപിടിച്ച് അമ്മ മുറിക്ക് പുറത്തുവന്നു. ഞാൻ ശെരിക്കും നല്ലവണ്ണം പേടിച്ചു വിറച്ചിരുന്നു.
ജാനകിയമ്മയുടെ അവസാന നിമിഷങ്ങളിലെ തീഷ്ണത മുഴുവൻ ഞാൻ കണ്ടിരുന്നല്ലോ.
“നമുക്ക് അമ്പലക്കുളത്തിൽ പോയി കുളിച്ചു വരാം”... അമ്മയോടൊപ്പം വീട്ടിൽ കയറാതെ തന്നെപാടവരമ്പിലൂടെ അമ്പലകുളത്തിലേക്ക്... കുളത്തിലെ തണുത്ത സലിലത്തിൽ മുങ്ങി കുളിച്ചു. അഞ്ചോ ആറോ തവണ ശരീരം മുഴുവൻ വെള്ളത്തിനടിയിൽ മുക്കി നിവർന്നു കാണും.
------------- ---------------- ---------------
“ടീ ഓർ കോഫീ”? ക്യാബിൻ ക്രൂവിന്റെ ചോദ്യം കേട്ടാണ് ഞാൻ ഉണർന്നത്.
“സുലൈമാനി"...
“ഷുവർ സാർ”... കിരൺ റസ്തോഗി എന്ന് പേരുള്ള എയർ ഹോസ്റ്റസ് വെളുത്ത കപ്പിൽ ചൂടുള്ള ബ്ലാക് ടീ ഒഴിച്ചുതന്നു.
“വൺ സാഷേ ഷുഗർ പ്ലീസ്...താങ്ക്സ്”...
“വെൽക്കം സാർ”... കിരൺ അടുത്ത സീറ്റിംഗ് നിരയിലേക്ക് നടന്നു നീങ്ങി.
“ഹായ്... ഞാൻ മഹേഷ്... ആലുവ ആണ് നാട്...” അടുത്തിരുന്ന ആൾ സ്വയം പരിചയപ്പെടുത്തി.
“മനു... ഷൊർണൂരാണ്..” എന്റെ പരിചയപ്പെടുത്തൽ എപ്പോഴും അങ്ങനെ ആണല്ലോ... !
“നിങ്ങൾ കൂർക്കം വലിച്ചു ഉറക്കം ആയിരുന്നു... അതുകൊണ്ട് ഫുഡ് വന്നപ്പോൾ ക്രൂ വിളിച്ചില്ല...” മഹേഷ് എന്റെ കഴിഞ്ഞ അര മണിക്കൂർ സമയത്തിനെ ഒരു വാചകത്തിൽ ചുരുക്കിക്കെട്ടി! ഞാൻ ജാനകിയമ്മയുടെ അന്ത്യനിമിഷങ്ങൾ സ്വപ്നത്തിൽ ദർശിക്കുകയായിരുന്നു എന്ന് മഹേഷിനോട് പറയാമോ...
“വിശപ്പില്ല... താങ്ക്സ്” മറുപടി നന്ദിയിൽ ഒതുക്കി.
കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലൊന്നും പോവാതെ നേരെ തൃശൂരിലെ ആസ്പത്രിയിലേക്ക്. എന്നെ കണ്ടതും അമ്മക്ക് വല്ലാത്തൊരു ആശ്വാസം വന്നപോലെ.... അവരുടെ കണ്ണുകളിൽ തിളക്കംകൂടിയപോലെ തോന്നി. അച്ഛൻ അപ്പോൾ ഉറക്കത്തിൽ ആയിരുന്നു. പതിഞ്ഞ ശബ്ദത്തിൽ എന്താണ് അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ എന്നത് അമ്മ പറഞ്ഞു തന്നു... പലപ്പോഴും അമ്മയുടെ വാക്കുകൾ മുറിഞ്ഞുപോവുന്നത് ഞാൻ ശ്രദ്ധിച്ചു.
പിറ്റേന്ന് അതിരാവിലെ തന്നെ കുളിയെല്ലാം കഴിഞ്ഞു ഞാൻ മോഹൻ ഡോക്ടറെ കാണാൻ ഇറങ്ങി. ഓ.പി. തുടങ്ങിയാൽപിന്നെ അദ്ദേഹത്തെ കാണാൻ ഉച്ച കഴിയും.
“ങ്ഹാ താൻ വന്നൂല്ലേ.. നന്നായി... ഒറ്റയ്ക്ക് അമ്മ ഇത്തിരി ഇമോഷണൽ ആവാൻ ചാൻസുണ്ട്... ഇനി കുഴപ്പം ഉണ്ടാവില്ല...” രോഗികളുടെ എല്ലാ അവസ്ഥയും മനസ്സിലാക്കി ചികിത്സ നടത്തുന്ന മാതൃകാ ഭിഷഗ്വരൻ...
“ഡോക്ടർ... അച്ഛന്....”
“പറയാം... അതി കഠിനമായ പുറം വേദന കൊണ്ടാണ് ഇവിടെ വന്നത്... ഹാർട്ട് പ്രോബ്ലത്തിനുള്ള സാധാരണ കഴിക്കുന്ന മരുന്ന് അങ്ങനെ തുടരെട്ടെ ... ഇതിപ്പോൾ ഒന്നും പറയാൻ സമയമായില്ല... ഇന്നലെ എം.ആർ.ഐ സ്കാൻ ചെയ്തു... ഇന്ന് അത് നോക്കി നാളെ പറയാം...”
“ശരി ഡോക്ടർ... എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ“?
“അച്ഛന് അസഹനീയമായ പെയ്ൻ ആയിരിക്കും... ശരീരം ആയിരം കഷ്ണമായി നുറുങ്ങുന്ന വേദന... എനിക്ക് ഇങ്ങനെ പറയുമ്പോളും, അതിന്റെ കാഠിന്യം എത്രയാണെന്ന് പറയാൻ കഴിയില്ല. തിരമാലകൾ പോലെ ആയിരിക്കും ഓരോ വേദനയും... ഉൾക്കടലിൽ നിന്നും ആർത്തലച്ചു വരുന്ന കൂറ്റൻ തിരമാലകൾ, കരയിലെ പാറക്കൂട്ടത്തിൽ തട്ടി അസംഖ്യം ചെറു തുള്ളികൾ ആയി പൊട്ടിച്ചിതറും... അടുത്ത ഒരാഴ്ചയോളം നിങ്ങൾക്ക് അത് കാണേണ്ടിവരും...”
ഞാൻ ഭാവഭേദങ്ങൾ ഒന്നുമില്ലാതെ റൂമിലേക്ക് നടന്നു. അച്ഛൻ ഉണർന്നിട്ടുണ്ട്. കുറെ മാസങ്ങൾക്കു ശേഷമുള്ള കണ്ടുമുട്ടലാണ്. ഇങ്ങനെ ഒരവസ്ഥയിൽ ആവുമെന്ന് ഒരിക്കലും കരുതിയില്ല. മോഹൻ ഡോക്ടർ പറഞ്ഞ പോലെ പിന്നീടുള്ള മണിക്കൂറുകൾ അച്ഛന്റെ വേദനയുടെ തിരമാലകളുടേതായിരുന്നു. അമ്മയുടെ സാധാരണ നിലക്കുള്ള ആ പഴയ ധൈര്യം അങ്ങനെ തന്നെ ഉണ്ടായിരുന്നു എങ്കിലും, പല സന്ദർഭങ്ങളിലും അവർക്ക് മുന്നോട്ടുള്ള ചിന്ത എവിടെയോ പോയി നിൽക്കുന്ന പോലെ തോന്നി.
പിറ്റേന്നാണ് മോഹൻ ഡോക്ടർ വീണ്ടും എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ ഓൺകോളജിസ്‌റ്റ് രാജീവ് ഡോക്ടറും ഇരിക്കുന്നുണ്ടായിരുന്നു.
“ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...” ഒരു മുഖവുരയോടെ മോഹൻ ഡോക്ടർ പറഞ്ഞു തുടങ്ങി."മൾട്ടിപ്ൾ മൈലോമയുടെ ലാസ്റ്റ് സ്റ്റേജ് ആണ് അച്ഛന്. ജോയ്ന്റ്സ് എല്ലാം അഫക്റ്റഡ് ആണ്. സ്പൈൻ രണ്ടുമൂന്നു സ്ഥലത്തു വളരെ മോശമായ സ്ഥിതിയിൽ ആണ്, അസഹനീയമായ വേദനഅങ്ങനെയാണ് ഉണ്ടാവുന്നത്”!
“അച്ഛന്റെ മൊത്തത്തിൽ ഉള്ള ആരോഗ്യം അനുസരിച്ചുള്ള ന്യൂക്ലിയർ മെഡിസിൻസ് തുടങ്ങാം. മൂന്നു മാസം എന്നസമയം ഒരു വർഷം ആവാം മൂന്ന് വർഷവും ആവാം ... നിങ്ങൾ ലോകത്ത് എവിടെ പോയാലും ഇതൊക്കെ ആണ് ഇപ്പോൾ കിട്ടുക... പിന്നെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്... കെയർ ആണ് അദ്ദേഹത്തിനാവശ്യം. കുടുംബത്തോട് ആലോചിച്ചു പറയൂ ...എത്രയും വേഗം തുടങ്ങിയാൽ അത്രയും നന്ന്”!
ഇത്തവണ റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ മനസ്സിന് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഭാരം തോന്നി. ജന്മം തന്ന അച്ഛന്റെ ജീവനെ ചൊല്ലിയുള്ള ചോദ്യം ഇങ്ങനെ ഡോക്ടറുടെ അടുത്തുനിന്നും ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അമ്മയോടെന്ത് പറയും!
എന്നെ കണ്ട അമ്മക്ക് എന്തൊക്കെയോ മനസ്സിലായപോലെ തോന്നി. “ഡോക്ടർ എന്ത് പറഞ്ഞു"?
ഞാൻ അവിടെ കേട്ട എല്ലാം ഒന്നും വിടാതെ അമ്മയെ പറഞ്ഞു ധരിപ്പിച്ചു. എല്ലാം കൃത്യമായി കേട്ടതിനു ശേഷം ദൂരെ എവിടെയോ ദൃഷ്ടി ഉറപ്പിച്ചു. അല്പസമയത്തിൽ എന്നെ തിരിഞ്ഞു നോക്കി പറഞ്ഞു: “ഡോക്ടർമാർ എന്ത് പറഞ്ഞോ അങ്ങനെ ചെയ്യാം...”
അന്ന് മുതൽ തന്നെ ന്യൂക്ലിയർ മരുന്നുകളുടെ പ്രയോഗം തുടങ്ങി. എന്നാലും വേദനയുടെ തിരമാലകൾ കണ്ടുനിൽക്കാനുള്ള ത്രാണി എനിക്ക് പലപ്പോഴും നഷ്ടപ്പെട്ടു.
നിരവധി ആത്മാക്കളുടെ നിത്യശാന്തിയിലേക്കുള്ള ലയനം ദർശിച്ചനുഭവിച്ച അമ്മയും ചില നിമിഷങ്ങളിൽ ഒന്നും ചെയ്യാൻ കഴിയാതെ മനോവേദന കടിച്ചമർത്തി നിന്നു. ന്യൂക്ലിയർ മരുന്നുകളുടെ പ്രവർത്തനം തുടങ്ങിയതോടെ വൃക്കകൾക്ക് അധികഭാരം വന്നു... മൂത്രം ട്യൂബ് വഴിയാക്കി.
തൃശൂരിൽ പലതവണ വന്നിട്ടുണ്ടെങ്കിലും പാറമേക്കാവ് ക്ഷേത്രത്തിൽ ഞാൻ പോയിട്ടില്ലായിരുന്നു. എനിക്ക് മസ്കറ്റിലേക്ക് തിരിച്ചുപോവേണ്ട ദിവസത്തിന് തലേന്ന് ഭഗവതിയെ കണ്ട് സങ്കടങ്ങൾപറയാം എന്ന തീരുമാനത്തിൽ അതിരാവിലെ അഞ്ചുമണിക്ക് അമ്പലത്തിലേക്ക് ഓട്ടോയിൽ പോയി. അമ്പലനടയിൽ എത്തിയപ്പോൾ ദിവസത്തെ ആദ്യദർശനത്തിന് നട തുറന്നിട്ടില്ല.
“ആ നടക്കീന്ന് ഒന്ന് മാറി നിൽക്കാ...” കീഴ്ശാന്തിക്കാരൻ വിളിച്ചു പറഞ്ഞു.
ദിവസങ്ങളായി കാണുന്ന തേങ്ങലും വിങ്ങലും മനസ്സിൽ നിരവധി പോറലുകൾ ഏൽപ്പിച്ചിരുന്നു.ഭക്തിസാന്ദ്രമായ ആ ബ്രാഹ്മമുഹൂർത്തത്തിൽ മിഴികൾ താനേ അടഞ്ഞു, കൈകൾ കൂപ്പി പ്രാർത്ഥനയുടെ വ്യത്യസ്തമായ ഒരുതലത്തിൽ എത്തിപ്പെട്ടു.
“ഭഗവതീ.. അമ്മേ നാരായണാ...” ഭക്തരുടെ എല്ലാം മറന്നുള്ള പ്രാർത്ഥന കേട്ടാണ് ഞാൻ കണ്ണുകൾതുറന്നത്.
കടും ചുവപ്പ് പട്ടിന്റെ തിരശ്ശീല നീങ്ങിയപ്പോൾ സർവ്വരോഗവിനാശിനി ദുർഗയുടെ ഐശ്വര്യ പൂർണമായ പൂർണകായ രൂപം കണ്മുന്നിൽ നിന്നു തിളങ്ങി. ബിംബത്തിന്റെ വലിപ്പമാണോ, ദേവിയുടെ ഭാവചൈതന്യമാണോ, ആ സമയത്തെ ഭക്തിസാന്ദ്രതയാണോ എന്നെനിക്കറിയില്ല... ശ്രീകോവിലിനകത്തുനിന്നും പറഞ്ഞറിയിക്കാൻ ആവാത്ത തരത്തിലുള്ള ഒരു ഊർജ്ജം, ഒരു മിന്നൽപിണർ പോലെ വന്ന് ഹൃദയത്തിൽ തറച്ചു. നേരെ നടക്കൽ നിന്നിരുന്ന ഞാൻ, അറിയാതെ തന്നെ ഒരു വശത്തേക്ക് മാറി നിന്നു.
അമ്പലത്തിൽനിന്നും ലഭിച്ച പായസപ്രസാദം അച്ഛൻ ഒരു സ്പൂൺ കഴിച്ചു.
അന്ന് ഉച്ചയോടെ അച്ഛന് ഷുഗർ ലെവൽ പെട്ടെന്ന് 30 നു താഴെ എത്തി... “ഇതൊരു കോമ സ്റ്റേജ് ആണ്... പെട്ടെന്ന് ഐ.സി.യു വിലേക്ക് മാറ്റണം” എന്ന് സിസ്റ്റർ വന്നു പറഞ്ഞു. സ്ട്രെച്ചറിൽ അച്ഛനെ റൂമിൽ നിന്നും കൊണ്ടുപോവുമ്പോൾ എനിക്കും അമ്മയ്ക്കും ഇത്തിരി ആശ്വാസം ഉണ്ടായിരുന്നു... കാരണം അവിടെ ഒരു പക്ഷെ വേദനക്ക് കുറവുണ്ടായാലോ... അമ്മയുടെ ധൈര്യവും മനസ്സിന്റെ സന്തുലിതാവസ്ഥയും അവരുടെ പഴയകാല ഓർമകളിൽ എന്നെ അൽപനേരം കൊണ്ടുപോയി.
എന്റെ ലീവ് അന്ന് തീരുകയാണ്. നാളെ ഏട്ടൻ വരും അമ്മക്ക് കൂട്ടായി... അച്ഛനെ ഐ.സി.സി.യുവിന്റെ ഉള്ളിൽ കയറി കാണാനുള്ള അനുമതി മോഹൻ ഡോക്ടർ അനുവദിച്ചു തന്നു. അച്ഛനോട് യാത്ര പറഞ്ഞു... അമ്മയോടും യാത്ര പറഞ്ഞു ആ നീണ്ട ഇടനാഴിയിലൂടെ നടന്നകലുമ്പോൾ, ജീവിത സായാഹ്നങ്ങളിൽ മനുഷ്യന്റെ മാനസികതലങ്ങളുടെ വാല്മീകങ്ങളെ കുറിച്ചായിരുന്നു ചിന്ത! ഇടനാഴി വലത്തോട്ട് തിരിയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി... വാതിൽ കട്ടിള ചാരി അപ്പോഴും അമ്മ ഞാൻ നടന്നകലുന്നത് നോക്കി നിൽക്കുകയാണ്. ഞാൻ അമ്മയോട് വീണ്ടും കൈ വീശി യാത്ര പറഞ്ഞു.. വേഗം നടന്നകന്നു!
മസ്കറ്റിൽ എത്തി ആ വാരാന്ത്യത്തിൽ അമ്പലത്തിലെ സത്‌സംഗത്തിൽ ഭജന പാടുകയാണ് ഞാൻ.
“തേങ്ങലും വിങ്ങലും തീരും...
തീരാ വ്യാധികൾ വേരറ്റു മാറും...”
വരികൾ മുഴുവനാക്കാൻ സാധിച്ചില്ല... ശബ്ദം തൊണ്ടയിൽ കുരുങ്ങി... എന്റെ അവസ്ഥ പെട്ടെന്ന് മനസ്സിലാക്കിയ പ്രിയ സുഹൃത്ത് കൃഷ്ണദാസ് അത് ഏറ്റുപാടി ഭക്തിഗാനസുധയെ മുന്നോട്ട് നയിച്ചു.
വേദനകളോടും വ്യാധികളോടും വിധിയോടും ഉള്ള അച്ഛന്റെ പോരാട്ടം രണ്ടാഴ്ച കൂടിയേ ഉണ്ടായുള്ളൂ. അമ്മയുടെ പിറന്നാൾ ദിവസം തന്നെ അച്ഛന്റെ പ്രാണൻ ആത്മാവിനെ സ്വതന്ത്രമാക്കി...
Excellent I experienced something like this recently
ReplyDeleteThanks !
DeleteWell written as always, mani. There are some parts that I can totally relate to 😓
ReplyDeleteThanks Rama..
DeleteAmma Sharanam....may we all be safe in Amma's arms...love and prayers...very touching...
ReplyDeleteThanks a lot Suja chechi.. Aum Amma !
Deleteഅച്ഛന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം
ReplyDeleteThanks a lot Mohan ji
DeleteHeart touching...well written
ReplyDeleteThank you Dhanya!
DeleteMy eyes r filled with tears manu... Great👌🙏
ReplyDeleteThanks a lot_
DeleteVery Nice and touching.Amma Saranam
ReplyDeleteAum Amma 🌷
DeleteThe story is excellent.Very nice Dear Manu !
ReplyDeleteThanks a lot, Unnikrishnan Sir
DeleteHeart touching...memories
ReplyDelete