ഓർമ്മക്കുറിപ്പ് > ഒരു ജർമൻ അപാരത
ഒരു ജർമൻ അപാരത
എട്ടൊമ്പതു വർഷങ്ങൾക്കു മുൻപ്, ഒരു ഫാക്ടറി വിസിറ്റിനു വേണ്ടി ഒരു കോളീഗിന്റെ കൂടെ ജർമനിയിലെ മ്യുണിക്കിലെത്തി. സിറ്റിയിൽ നിന്നും ഇരുപതു കിലോമീറ്റർ മാറി ഒരു ടൗണിലാണ് താമസം. എത്തിയ ദിവസം വൈന്നേരം ദോസ്തിന്റെ കൂടെ സായാഹ്‌ന സവാരിക്കിറങ്ങി. ഇരുപത് സെൽഷ്യസിന് താഴെ ആയതിനാൽ ജാക്കറ്റ് എല്ലാമുണ്ട് എന്നാലും തനി, മലയാളി ടൈപ്പ് നടത്തവുമായി തിരക്കിലാത്ത വീഥിയിലൂടെ ഞങ്ങൾ നീങ്ങി...
പെട്ടെന്ന് ഞങ്ങളുടെ എതിർ വശത്തുനിന്നും ഒരു ഗ്രേ കളർ ബെൻസ് കാർ വേഗത്തിൽ വന്നു ഞങ്ങളെ കടന്നു പോയി.. ഒരു ജർമൻ സായിപിൻറെ കൺവെർട്ടിബിൾ ബെൻസ് ആയിരുന്നു അത്.
കുറച്ചു നിമിഷങ്ങൾക്ക് ശേഷം വീണ്ടും ഈ സായിപ്പ് അതേ സ്പീഡിൽ തിരിച്ചു വരുന്നു... ഞങ്ങളുടെ ഓരം ചേർന്ന് പുള്ളി വണ്ടി നിർത്തി... ഞങ്ങൾ സ്വല്പം ഭയന്നു... കാരണം അടുത്തൊന്നും ഒരു പൂച്ച പോലും ഇല്ല... ഇനി സായിപ്പ് ഞങ്ങളെ കൊള്ളയടിക്കാൻ വന്നതാണോ....
വണ്ടിയിൽ ഇരുന്നു തന്നെ സായിപ്പ് കൈ വീശി ഞങ്ങളോടെന്തോ പറയുന്നു... ഞങ്ങൾക്ക് ആ ഭാഷ മനസ്സിലാകുന്നില്ല... ജർമൻ നമുക്ക് അറിയില്ലല്ലോ... സ്വാഭാവികം... വീണ്ടും സായിപ്പ് ഉച്ചത്തിൽ അതേ വാക്കുകൾ വിളിച്ചു പറയുന്നു... ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിൽക്കുന്നു....
സായിപ്പ് പറഞ്ഞത് വീണ്ടും ഞങ്ങളുടെ കർണങ്ങളിൽ അലയടിച്ചു... "എന്താ ചേട്ടാ... സുഖമാണോ..." എന്നാണു സായിപ്പ് ചോദിച്ചത്... ജർമനിയിൽ സായിപ്പ്, മലയാളത്തിൽ അങ്ങനെ ചോദിക്കില്ല എന്ന പ്രീ-ഡിസൈഡഡ് മനസ്സുമായാണ് ഞങ്ങളുടെ നിൽപ്പ്...
"എന്റെ ഭാര്യ കോവളത്തൂന്നാ... ശെരിക്കും പറഞ്ഞാ നേമം... അവളിവിടെ നേഴ്‌സാണ്... ഞാൻ ഒരിക്കൽ കോവളത്തു പോയപ്പോൾ കെട്ടിപ്പോയതാണ്..." സായിപ്പ് നല്ല മണി മണി പോലത്തെ മലയാളത്തിൽ ഞങ്ങളോട് കാരണം പറഞ്ഞു..
"നിങ്ങളെ കണ്ടപ്പോളേ മനസ്സിലായി മലയാളി ചേട്ടന്മാർ ആണെന്ന്... ആ മീശയും, നടത്തവും... എല്ലാം... അതുകൊണ്ടു തിരിച്ചു വന്നു നിങ്ങളോട് സലാം പറയാം എന്ന് വെച്ചു...അപ്പോ ശെരി... പിന്നെ കാണാം...ഗുഡ്ബൈ..."
ഞങ്ങൾ നടത്തം തുടർന്നു... ഇനി നേമത്തെ ചേച്ചി എങ്ങാനും അന്വേഷിച്ചു വരുമോ എന്നായിരുന്നു ഞങ്ങളുടെ പേടിയും ആകാംക്ഷയും... ഭാഗ്യത്തിന് അതുണ്ടായില്ല !
Comments
Post a Comment