സുഹൃദ് സ്മരണ > ദിനേശ് തടത്തിൽ
ഗൂഡോൾ 96 |കൊറോണ വൈബ്‌സ് 26 |
ദിനേശ് തടത്തിൽ |
ലക്ഷത്തിൽ
ലക്ഷണമൊത്തവൻ |
നമ്മുടെ ദിനേശന് പ്രാസത്തിൽ എന്ത്പേരിടും എന്ന ചിന്ത രണ്ടു ദിവസം മുൻപേ എന്നെഅലട്ടിയിരുന്നു. ഇന്ന് വരേയ്ക്കും എന്റെ മനസ്സിലുള്ള ദിനേശിന്റെ ജന്മസ്ഥലം ആലപ്പുഴയാണ്! എന്തുകൊണ്ട് അങ്ങനെ ഒരു ചിന്തയുടെ ചീന്ത് എന്റെ മനസ്സിൽ കടന്നു കയറി എന്നറിയില്ല... എന്തായാലും സമുദ്രമായി എന്തെങ്കിലും അവനൊരു ബന്ധം ഉള്ളത് കൊണ്ടാവാം എന്ന് ഞാനുംകരുതി.
ദിനേശൻ തന്നെ അയച്ചു തന്ന സെൽഫ് ഇൻട്രോ ക്ലിപ്സ് കേട്ടപ്പോളാണ് അവൻ പഠിച്ചുവളർന്നതെല്ലാം ലക്ഷദ്വീപിൽ ആണെന്ന് അറിഞ്ഞത്. നോക്കൂ കഥാകൃത്തിന്റെ വിവരം എത്ര ശുഷ്കമാണെന്ന്!
ബിജുവിന് ആകെ രണ്ടു കാര്യങ്ങളേ ദിനേശിനെ കുറിച്ച് ഓർമ്മയുള്ളൂ... ഒന്ന്ഈ ലക്ഷദ്വീപും പിന്നെ തളത്തിൽ ദിനേശനും...
അങ്ങനെയാണ് അവന്റെ ടൈറ്റിലിൽ “ലക്ഷം” വരണം എന്ന ആശയം ഉദിച്ചത്. പിന്നെ അവന്റെ ഏറനാട്-വള്ളുവനാട് ചേകവരുടെ ഓർമ്മ -സാക്ഷ്യപത്രങ്ങൾ വന്നതോടുകൂടി ദിനേശ് എന്ന ആദരണീയനായ വ്യക്തിയുടെ വിശ്വരൂപം ആദ്യം പത്തും പിന്നെ നൂറും തലകളായി എന്റെ മുന്നിൽ ആകാശം മുട്ടേ വളരാൻ തുടങ്ങി... പിന്നെ ലക്ഷത്തിനോടും പ്രാസം ചേർക്കാൻ ലക്ഷണവും വന്നു.... ഇതാണ് ഒരു തലക്കെട്ടിന്റെ കഥ!
ബോബിയുടെ വിചാരം തടത്തിൽ അല്ല തളത്തിൽ ദിനേശൻ തന്നെയാണ് അവന്റെ പേരെന്നായിരുന്നു. ഇന്നാണ് അവനു തടത്തിൽ എന്ന് മനസ്സിലായത്. ദിനേശ് എപ്പോഴും “ദീപ്...ദീപിൽ നിന്ന്..” എന്ന് സംസാരത്തിൽ ഉൾപെടുത്തിയിരുന്നതായും ബോബി ഓർത്തെടുത്തു. കുറച്ചു സൈസ് കൂടുതലായ ഷർട്ടാണ് അവൻ ഇടുമായിരുന്നത്. പച്ചനിറത്തിലുള്ള ഫോൾഡർ പിടിച്ചു ഒരു പ്രത്യേക സ്റ്റൈലിൽ നടന്നു വരുന്ന ദിനേശനെ ബോബിക്ക് ഓർമ്മ വരുന്നു. എല്ലാരോടും വലിയ ചമ്മലൊന്നും കൂടാതെ തന്നെ സംസാരിക്കാൻ മടിയില്ലാത്ത ആളായിരുന്നു ദിനേശ്. ഒരു ജോവിയൽ കാരക്ടർ... ബോബി പറഞ്ഞു നിർത്തി.
ദിനേശന്റെ സ്വയം പരിചയം വളരെ ഹൃദ്യമായിരുന്നു... ഇത്രയും എളിമയോടെ വന്ന ഒരു സെൽഫ് ഇൻട്രോ ഇതുവരെ ഉണ്ടായിട്ടില്ല. അവൻ ജനിച്ച സ്ഥലംനിലമ്പൂരിനടുത്ത് വണ്ടൂർ പഞ്ചായത്തിലെ അമരമ്പലം എന്ന ഒരു ഉൾഗ്രാമം ആണ്. അച്ഛൻ ലക്ഷദ്വീപിൽ ജോലി ചെയ്തതിരുന്നതിനാൽ പ്ലസ് 2 വരെയുള്ള വിദ്യാഭ്യാസവും ദ്വീപിൽ തന്നെ. നമ്മൾ എല്ലാരും കരവിട്ടു രണ്ടു മാസം ദ്വീപുകൾ അന്വേഷിച്ചു പോയപ്പോൾ ദിനേശ് രണ്ടു മാസത്തെ അവധിക്കാലത്താണ് ദ്വീപിൽ നിന്നും കേരളക്കരയിലെ നിലമ്പൂരിലേക്ക് വരിക.
ഉൾഗ്രാമം എന്നവൻ പറയുമ്പോൾ നമ്മുടെ മനസ്സിൽ പല നിലക്കുള്ള ചിത്രങ്ങൾ ആണ് വരിക. അവൻ പറയുന്നത് അവന്റെ ഗ്രാമത്തിൽ വൈദ്യുതി വന്നത് നമ്മുടെ എഞ്ചിനീറിംഗിന്റെ അവസാന വർഷത്തിൽ അതായത് 1995-96 കാലം. അപ്പോൾ നിങ്ങൾക്ക് ഊഹിക്കാം ഉൾഗ്രാമം എന്നതിന്റെ ആഴം!
എന്നാൽ ഇതേ ഉൾഗ്രാമം അവന്റെ രണ്ടു മാസത്തെ വേനൽ അവധികൾക്കുള്ള ഏറ്റവും യോജിച്ച സ്വർഗ്ഗസമാനമായ ഒരു പരിസ്ഥിതി തീർത്തു നിൽക്കുകയായിരുന്നു. ദീപിലെ പത്തുമാസങ്ങളുടെ ജീവിതത്തിനു ശേഷം പാടവും മേടും കുന്നും കുളവും കാവും മാവും പ്ലാവും കവുങ്ങും തോടും ആലും അമ്പലവും പാമ്പും പാമ്പിൻകാവും എല്ലാം സമ്മേളിച്ച തനി നാട്ടിൻപുറം അവന്റെ അവധിക്കാലത്ത് അവനെ വിനോദങ്ങളുടെ ലക്ഷപ്രഭു ആക്കി. ബന്ധുക്കളും നാട്ടുകാരും ആയ ഒരു പറ്റം കുട്ടികളോടൊപ്പം അങ്ങനെ വേനൽ അവധികൾ അവൻ ഉത്സവങ്ങളാക്കി മാറ്റി.
ഗഫൂറിന്റെ അദ്ധ്യായത്തിൽ നമ്മൾ തൊട്ട് വെച്ച ഒരു കാര്യമായിരുന്നു ഗഫൂർ, അഷ്റഫ്, ആഷിഖ്, ഹനീഫ, നിസാർ പിന്നെ ദിനേശ് എന്നിവരുടെ “ന്യൂ കേരളാ സോ മിൽ ലോഡ്ജ്”... പഴയ ബാൾകീസ് ടാകീസിന്റെ എതിർവശത്തു ഉള്ള ഈർച്ച മില്ലിനോട് ചേർന്നുള്ള കുറച്ചുമുറികളാണ് ഈ ലോഡ്ജ്. എസ് 3 മുതലാണ് ഈ സംഘം അവിടെ താമസം ഉറപ്പിക്കുന്നത്.
ദിനേശിന്റെ ആത്മാർത്ഥ സുഹൃത്ത് ഹനീഫയിൽ നിന്നും നമുക്ക് തുടങ്ങാം......
“ദിനേശിന്റെ ഏറ്റവും സവിശേഷ സ്വഭാവം അവന്റെ സൗഹൃദ ഭാവം തന്നെ. ആരെയും സുഹൃത്താക്കാൻ കഴിവുള്ള അസാമാന്യ വ്യക്തി പ്രഭാവം. പിന്നെ ആ സൗഹൃദം നിലനിർത്തി കൊണ്ടുപോവാനുള്ള അവന്റെ കൗശലവും സ്നേഹവും...
പിന്നെ അവനിലുള്ള കേമത്തരം ആണ് എവിടെയും നേതൃത്വ പാടവം കാണിക്കുക എന്നത്. ഈ സംഘത്തിന്റെയും നായകൻ ആരെന്നു ചോദിച്ചാൽ ആർക്കും നിസ്സംശയം പറയാൻ സാധിക്കുക ദിനേശിന്റെ പേരാണ്. നേതാവായി സ്വയം വാഴിക്കുകയല്ല... ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുതന്റെ സംഘാംഗങ്ങൾക്കു വേണ്ട സുഖ സുരക്ഷിത പരമായ എല്ലാ കാര്യങ്ങളും ഒട്ടും മടികാണിക്കാതെ കൊണ്ടുനടത്തുക എന്നതിലൂടെ ആണ് അവൻ നേതാവാകുന്നത്.
ഒരു വലിയ ഉദാഹരണം ഹനീഫ പറയുന്നത് അവരുടെ മെസ്സിനെ കുറിച്ചാണ്.ദിവസവുംഹോട്ടൽ ഭക്ഷണം എന്നത് ആരോഗ്യപരമായും സാമ്പത്തികമായും ആകര്ഷണീയമാവാത്തതുകൊണ്ട് ദിനേശാണ് അവർക്കു ഒരു മെസ്സ് തുടങ്ങാം എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അവൻ ആ ഒരാശയം ഉന്നയിക്കുന്നതിൽ മാത്രം ഒതുങ്ങി നിന്നില്ല...
ഹനീഫയുടെയും മറ്റ് കൂട്ടുകാരുടെയും സഹായത്തോടെ വേറെ ഒരു മെസ്സ് ഏരിയ പണിതു.. അതിനുള്ള പാത്രങ്ങൾ... സാധനങ്ങൾ... അങ്ങനെ എല്ലാം ഏർപ്പാടാക്കി... എന്തിന് അധികം പറയുന്നു... അലഞ്ഞു നടന്ന്, കൈപ്പുണ്യം നിറഞ്ഞ ഒരു കുക്കിനെയും ഏർപ്പാടാക്കി. അങ്ങനെ വയറിനും മനസ്സിനും ആന്ദകരമായ ഭക്ഷണം എന്ന പ്രോജക്ട് ആണ് ദിനേശനും ഹനീഫയും ടീമും എസ് ത്രീ യിൽ ചെയ്തത്.
സിനിമക്ക് പോവുമ്പോഴും സ്ഥലങ്ങൾ ചുറ്റി കാണുമ്പോളും കോളേജിൽ പോവുമ്പോളും പഠിത്തത്തിനും എല്ലാം ദിനേശിന്റെ ഒരു മേൽകൈ എല്ലാവരിലും ഒരു സുരക്ഷാബോധം വളർത്തി.
കൊറോണ വൈബ്‌സിൽ ഇതുവരെ ശീട്ടുകളിയിൽ തലതൊട്ടപ്പൻ പ്രകാശൻആയിരുന്നല്ലോ... എന്നാൽ ഇതാ ദിനേശൻ എന്ന സൂപ്പർ ഹീറോ രംഗപ്രവേശംചെയ്യുന്നു. വെറും ഗോട്ടിയും ചട്ടിപ്പന്തും കളിച്ചു നടന്നിരുന്ന ഹനീഫയെയും അഷ്റഫിനെയും നിസാറിനെയും ഒക്കെ ശീട്ടുകളിയുടെ ഉസ്താദുമാരാക്കി മാറ്റി നമ്മുടെ ദിനേശ്.
പതുക്കെ ദിനേശൻ അവിടത്തെ ശീട്ടുകളി മുതലാളി ആയി മാറി. കളിക്കാൻഒരുങ്ങിവരുന്നവർക്ക് സ്‌പെഷൽ ഷോഡ, കൊറിക്കാൻ കടല, വിയർക്കാതിരിക്കാൻ ഫാൻ അങ്ങനെ അനവധി സൗകര്യങ്ങളും ഒരുക്കിയിരുന്നു. എല്ലാ അർത്ഥത്തിലും സോ മിൽ മുതലാളി എന്നതൊഴിച്ചു ആ ഏരിയയിലെ അറിയപ്പെടുന്ന മുതലാളി ആയി മാറി”.... നമ്മുടെ നിലമ്പൂരിലെ ലക്ഷണമൊത്ത ദിനേശൻ. ഹനീഫയുടെ പ്രീ - എസ് 8 ഓർമ്മകൾ ഇതാണ്.
ഗഫൂറിന് ദിനേശൻ എന്ന പേര് കേൾക്കുമ്പോൾ വരുന്ന മുഖം, രണ്ടു ചെവിയിലും കുണുക്ക്വെച്ച പൊടിമീശക്കാരന്റെയാണ്. നേരം വെളുക്കുവോളം കളിക്കുന്ന ഏർപ്പാട് ദിനേശ്, ഹനീഫ, നിസാർ, ആഷിഖ് എന്നിവർക്കായിരുന്നു.താല്പര്യമില്ലാത്ത ക്ലാസ്സുകൾ ആണെങ്കിൽ ഉച്ചക്കുള്ള എസ് എൻ എസിൽ തന്നെ കോളേജിൽ നിന്നും സ്കൂട് ചെയ്ത് റൂമിൽ ശീട്ടുകളി പലപ്പോഴും നടന്നു. ശീട്ടുകളി കൂടാതെ സോമിൽ ഗാങ് ഷട്ടിലും കളിക്കുമായിരുന്നു.
ഗഫൂറും ദിനേശിന്റെ സൗഹൃദാത്മക കഴിവിനെ എടുത്തു പറയുന്നുണ്ട്. മധുരമായ പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും ആരെയും കുപ്പിയിലാകാൻ പോന്ന ഒരു മന്ത്രികനാണ് ദിനേശൻ. അവൻ ഒന്ന് തീരുമാനിച്ചാൽ അത് ലഭിക്കാൻ ആൾക്കാരെ സോപ്പിട്ടു സോപ്പിട്ടു അവരെ എങ്ങനെയെങ്കിലും സ്വന്തം വരുതിക്ക് വരുത്തും.
അതേസമയം ആർക്കെങ്കിലും സഹായം വേണമെങ്കിലും അതിനും അവനു ഒരു മടിയും ഉണ്ടായിരുന്നില്ല. അവന്റെ കഴിവിന്റെ പരമാവധി ദിനേശൻ മറ്റുള്ളവർക്ക് എന്നും സഹായങ്ങൾ ചെയ്തു വന്നു.
മനോജുമായും അവൻ നല്ല കമ്പനി ആയിരുന്നു. നമ്മുടെ ഫൈനൽ ഇയർ ആന്വൽ ഡേയ്ക്ക് ഒരു കോൽക്കളി / ദഫ്മുട്ട് സ്റ്റേജിൽ കയറി... അതിന്റെ പ്രാക്ടിസിനു വേണ്ടി മനോജും പ്രകാശനും നിരവധി തവണ സോ മിൽ ഗാങിന്റ ഒപ്പം ചേർന്നിട്ടുണ്ട്.
ഹനീഫക്കും സയനോര യിൽ വന്ന ആ കോൽക്കളി നല്ല ഓർമയാണ്. പ്രാക്ടീസ് ഒക്കെ കടമായിരുന്നു എങ്കിലും സ്റ്റേജിൽ കയറണം എന്ന വാശിക്ക് ഒരു കുറവും ഇല്ല. അപ്പോൾ ഒരു ടാസ്ക് അവർ ദിനേശിനെ ഏല്പിച്ചു... കോൽക്കളി പരിപാടിക്കുള്ള കളർ ലൈറ്റിന്റെ കൺട്രോൾ ദിനേശിന് കൊടുത്തു. അവൻ പറഞ്ഞപോലെ പരിപാടി ഫുൾ കളറാക്കി... കളർ ലൈറ്റിന്റെ തിരിക്കലിലൂടെ കോലുകൾ മുറിഞ്ഞതോ ഡാൻസ് കൊളമായതോ ഒന്നും കാണികൾ അറിഞ്ഞില്ല...കൊൽക്കളിയുടെ ബുദ്ധിമുട്ടുകളൊന്നും പ്രേക്ഷകർക്ക് അധികം കാണിക്കാതെ സംഭവം വർണാഭമാക്കി... ഹനീഫ പറയുന്നത് ഒരു കാര്യം ദിനേഷിനെ ഏൽപ്പിച്ചാൽ പിന്നെ അതിനെ വിജയിപ്പിച്ചേ അവൻ വിശ്രമിക്കൂ എന്നാണ്.
ഇനി നമുക്ക് പോസ്റ്റ് എസ് 8 കാലം ദിനേശ് എന്ന നിലമ്പുർ കാരൻ എങ്ങനെ കഴിച്ചു കൂട്ടി എന്ന് നോക്കാം... ഗഫൂറിൽ നിന്ന് തുടങ്ങാം..
“കോഴ്സ് കഴിഞ്ഞു കുറെ കാലം ഞങ്ങൾ തമ്മിൽ കോൺടാക്ട് ഇല്ലായിരുന്നു. അവൻ ആഷിഖ്, ഹനീഫ എന്നിവരുമായിട്ടായിരുന്നു എന്തോ ഏർപ്പാടുകൾ. നാല് വർഷം മുൻപ് അവന്റെ പുതിയ വീടിന്റെ പാലുകാച്ചലിന് ഞാനും വിത്ത് ഫാമിലി പങ്കെടുത്തു.”
ഇനി ഹനീഫയുടെ ഓർമകളിലേക്ക്...
“എസ് 8 നു ശേഷം കുറച്ചു സപ്പ്ളി ഉണ്ടായിരുന്നത് എഴുതി എടുക്കാനായി ഒലവക്കോട് അപ്സരബേക്കറിയുടെ അടുത്തുള്ള ലോഡ്ജിൽ ദിനേശ് താമസമാക്കി.അവന്റ സ്വതസിദ്ധമായ ശൈലിയിൽ അവിടെ പരിസരത്തുള്ള എല്ലാ ജനങ്ങളും ദിനേശിന്റെ ദോസ്തുക്കളായി. അപ്സരയുടെ മുതലാളിമാർ ശരിക്കും ചാവക്കാട്ടുകാരാണ്. അവർക്കു പട്ടാമ്പി ബേസ് ആയി സ്വല്പം നിർമാണ പ്രവർത്തിയും ഉണ്ടാർന്നു. ദിനേശിന്റെ ഈ അടുപ്പം അവനെ പട്ടാമ്പിയിലും എത്തിച്ചു. ആഷിഖിന്റെ ഒപ്പം ആയിരുന്നു ആ സംരംഭം ദിനേശ് കൊണ്ടു നടത്തിയത്”.
അതിനിടക്ക് ഹനീഫ കൊണ്ടോട്ടിയിൽ തന്റെ തന്നെ ഒരു ചെറിയ സംരംഭം തുടങ്ങി വെച്ചിരുന്നു. പിന്നീട് ഏറനാട് കൺസ്ട്രക്ഷനിലേക്കു മാറിയപ്പോൾ അതിന്റെ ഭാരവാഹിത്വം ദിനേശിനായി. അതോടുകൂടി ബാക്കി ഉണ്ടായിരുന്ന പേപ്പറുകൾ അവനു തീർക്കാനായി.
അത് കഴിഞ്ഞു കുറച്ചു കാലത്തിനു ശേഷം ദിനേശ് വീണ്ടും ഹനീഫയെ കാണുന്നു.... ഒരു കൗതുകകരമായ ചോദ്യം കേട്ട് ഹനീഫ ഞെട്ടി തരിച്ചു... “ഹനീഫാ...നീ എം ടെക്കിനുവരുന്നോ...”? അതൊരു ഒന്നൊന്നര ചോദ്യം ആയിരുന്നു എന്ന് ഇന്നും ആ തരിപ്പ് മാറാത്ത ഹനീഫ...!
ഹനീഫക്കതൊരു തമാശ ആയേ തോന്നിയുള്ളൂ എങ്കിലും അവിടെയാണ് ദിനേശിന്റെ ഇച്ഛാശക്തിയുടെ അപാരത വെളിവാവുന്നത്. അവൻ കോയമ്പത്തൂരിൽനിന്നും ബാച്ച് ടോപ്പർ ആയി സ്ട്രക്ച്ചറൽ എം ടെക് പാസ്സാവുന്നു... കാമ്പസ് ഇന്റർവ്യൂയിൽ കൂടെ ട്രിവാൻഡ്രത്തെ ആർക്ടെക് എന്ന മുൻനിര ഡെവെലപ്പർ കമ്പനിയിൽ സീനിയർ പി എം ആയി ജോലിക്ക് കയറുകയും ചെയ്തു.
ഇപ്പോഴും ഹനീഫയും ദിനേശും നല്ല സുഹൃദ് ബന്ധവും പ്രൊഫഷണൽ ബന്ധവും നിലനിർത്തുന്നു. ഹനീഫയുടെ ഏത് സങ്കീർണമായ ഫോംവ്ർക്, സ്ട്രക്ച്ചർ ബന്ധപ്പെട്ട എല്ലാ ഡിസൈനും ദിനേശാണ് സർട്ടിഫൈ ചെയ്യുന്നത്
ഹനീഫയ്ക്കിന്നും നടക്കാതെ പോയ ഒരു സ്വപ്നം... ദിനേശിന്റെ കൂടെ ലക്ഷദ്വീപിൽ പോവുക എന്നത്... ഒരു സങ്കടമായി അവശേഷിക്കുന്നു!
ട്രിവാൻഡ്രത് എത്തിയ ദിനേശ് പിന്നെ തിരിഞ്ഞു നോക്കിയില്ല.. അധികം താമസിയാതെ വിവാഹം കഴിഞ്ഞു. അതിന് ശേഷം സൗപർണിക എന്ന ബാംഗ്ലൂർ ബേസ്ഡ് ഡെവലപ്പർ കമ്പനിയിൽ ജോലിക്ക് കയറി. ഇപ്പോൾ വി-ഫൈവ് ഹോംസിന്റെ ജി എം ആണ്.
കൊള്ലാഷിലൂടെ ഒന്ന് കണ്ണോടിച്ചാൽ.....
കണ്ണൂരിലെ കേരളാ ദിനേശ് ബീഡി എന്ന സഹകരണ മോഡൽ; ചെറുകിട വ്യാവസായിക സംരംഭം അതിന്റെ ജനകീയത കൊണ്ട് വമ്പിച്ച വിജയം വരിച്ച ഒരു മുന്നേറ്റമാണ്. ബീഡിനിർമാണം ചുരുങ്ങിയപ്പോൾ കുട നിർമാണം മുതൽ സോഫ്റ്റ്‌വെയർ വരെ കെ ഡി ബി ഇപ്പോൾ നടത്തുന്നുണ്ട്.
തളത്തിൽ ദിനേശൻ എന്ന ശ്രീനിവാസൻ കഥാപാത്രം മലയാള സിനിമയിൽ തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു. പേരിന്റെ സാമ്യത നമ്മുടെ ദിനേശനെയും കുറെയൊക്കെ ബാധിച്ചു.
മോഹൻലാൽ ചിത്രമായ നരസിംഹത്തിലെ “നീ പോ മോനേ ദിനേശാ ...” ദിനേശന്റെ ദൈനംദിന ജീവിതത്തിൽ കുറെ കാലം കൊണ്ടും കേട്ടും നടന്നിട്ടുണ്ട്.
പിന്നെ ഓർമ വരുന്ന മുഖമാണ് ദിനേശ് സാർ... നമുക്കെല്ലാം പ്രിയങ്കരനായ അധ്യാപകൻ... പിന്നീട് ദിനേശ് സാർ മസ്കറ്റിലെ കാലിഡോണിയൻ കോളേജിൽ ചേർന്നപ്പോളും എനിക്ക് കോൺടാക്റ്റ് ഉണ്ടായിരുന്നു. ദിനേശ് സാർ കുറെ കാലമായി അവിടത്തെ എച് ഓ ഡി ആണെന്നാണ് എന്റെ വിശ്വാസം.
എൻ എസ് എസ് ന്റെ ഒമാൻ ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ മൂന്നു വർഷങ്ങൾ... അപ്പോഴൊക്കെ പല പരിപാടികൾക്കും ഞാൻ സാറെ വിളിക്കുമായിരുന്നു. ചിലപ്പോളൊക്കെ സാർ വരാറുണ്ട്. 2007 ലെ ഓൾ കേരള അലുംനി യുടെ ക്രിക്കറ്റ് മേളയിൽ ലാസ്റ്റ് ബോളിൽ ഫോർ അടിച്ചു നമ്മളെ ചാമ്പ്യൻ ആക്കിയത് ദിനേശ് സാറിന്റെ മോനായിരുന്നു.
ഇനി ഹരീഷ് കൊറോണ വൈബ്‌സ്‌നു വേണ്ടി ഒരാഴ്ച മുൻപ് എവിടെനിന്നോ ഷെയർ ചെയ്ത ചില ഫേസ്ബുക് കുറിപ്പുകൾ താഴെ കൊടുക്കുന്നു...
ലൂസിഫർ എന്ന സിനിമയുടെ ലോക്കേഷൻ ഹണ്ടിനായി ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക്പോവും വഴിയാണ് പ്രിഥ്വിരാജ് എന്ന സംവിധായകൻആന്ത്രോത്ത് ദ്വീപിലെത്തുന്നത്. ആന്ത്രോത്ത് ദ്വീപ് മൊത്തം ടീം ലൂസിഫറിനെ കാണിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തത് ഞാനും എന്റെ കൂട്ടുകാരനായ സാജിദും കൂടിയായിരുന്നു. അവർ കപ്പലിൽ നിന്ന് ഇറങ്ങുന്നതിന്മുമ്പ് തന്നെ ഞാൻ എന്റെ ഡി എസ് എൽ ആർ റെഡിയാക്കിവെച്ചിരുന്നു.
അന്ത്രോത്ത് ദ്വീപിലെ മനോഹര ലോക്കേഷനായ മൂല ബീച്ചിലെ കാഴ്ച കാണുന്നതിനിടെ ഞാൻ ഒരു ഫോട്ടോയെടുക്കാൻ അനുവാദം ചോദിച്ചു. അദ്ദേഹം സന്തോഷത്തോടെ എന്റെ ആഗ്രഹംസ്വീകരിച്ചുകൊണ്ട് തന്റെതായ ഒരു പോസ് തന്നു.
അങ്ങനെ എന്റെ ക്ലിക്കിലെ ആദ്യ സെലിബ്രിറ്റി മോഡലായി മഹാനടൻ "പ്രിഥ്വിരാജ് സുകുമാരൻ" എന്ന സൂപ്പർസ്റ്റാർ!
അങ്ങനെ കഥാകൃത്തിന്റേതല്ലാതെ ലൂസിഫർ കണക്ഷൻ ഈ കഥയിലും വന്നു വീണു...
ഇത്രയുമാണ് ലക്ഷദ്വീപിന്റെയും നിലമ്പൂരിന്റെയും ഇപ്പോൾ തിരുവനന്തപുരത്തിന്റെയും സ്വന്തം ദിനേശ് തടത്തിൽ വിശേഷങ്ങൾ.. ഇനി രാജലക്ഷ്മി..
സസ്നേഹം എം പി
മസ്കറ്റ്
1 മേയ് 2020 : 11:17 pm
Gr8 work mani...
ReplyDeletethanks
Delete