സുഹൃദ് സ്മരണ > ഉത്തമൻ ഈ രവിചന്ദ്രൻ
ഗൂഡോൾ 96 |
കൊറോണ വൈബ്‌സ് 24 |
ഉത്തമൻ ഈ രവിചന്ദ്രൻ
രവിയുടെ തേജസ്സും ചന്ദ്രന്റെ തെളിമയും... എല്ലാ സുഹൃത്തുക്കളുടെയും സന്ദേശങ്ങൾ ഡീ-കോഡ് ചെയ്തപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവന്ന ഉപമയാണിത്... എപ്പോഴും ഒരു ചെറിയ മന്ദസ്മിതം സൂര്യതേജസ്സായി മുഖത്ത് കൊണ്ടു നടക്കുന്ന രവി. അതേസമയം വെൺതിങ്കളിന്റെ നന്മയും മേന്മയും മനസ്സിൽ മായാതെ എന്നും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
ഇതാണ് പാലക്കാട് രവി എന്ന് സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്ന നമ്മുടെ എല്ലാം രവിചന്ദ്രൻ.
കണ്ണൂരിന്റെ കണ്ണായ സിന്ധു പറഞ്ഞതിലും ഒരു കാര്യമുണ്ട്... നമ്മളിൽ പലർക്കും രവിലാൽ ആര്... രവിചന്ദ്രൻആര് എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്നത് ഒരു സത്യമാണ്... അതിനായിരുന്നു ജയസൂര്യചിരിയോടുകൂടി വളരെ സിമ്പിൾ ആയി അതിനെ സോൾവ് ചെയ്ത മണിയുടെ ക്ലിപ്പ് പോസ്റ്റിയത്. പക്ഷെഅവനതിനെ നോർമൽ ആയി കാണാതെ എന്നെ തെറി വിളിച്ചു... തെറ്റെന്റെ ഭാഗത്താണെങ്കിലും അല്ലെങ്കിലുംഞാൻ അത് കേട്ടല്ലേ പറ്റൂ...
കൺഫ്യൂഷന്റെ പ്രധാന കാരണം, ഇവർ രണ്ടുപേരെയും ഒന്നിച്ചേ നമ്മൾ കോളേജിൽ കണ്ടിട്ടുള്ളൂ എന്നതാണ്. ഒരു കാര്യം ചെയ്യാം... ഈ അധ്യായത്തിലെ മുഖ്യ കഥാപാത്രം രവിചന്ദ്രൻ... വെറും രവി... കോലൻ തലമുടിയുള്ളത്. മറ്റെയാൾ രവിലാൽ ... ചുരുണ്ട തലമുടിയുള്ളയാൾ.
കൂടാതെ സിന്ധൂന് കൺഫ്യൂഷൻ വരാനുള്ള പ്രധാനകാരണം വേറെ ഒരു രവിയാണ്... കരിവെള്ളൂർ രവിയല്ലാതെസിന്ധൂന്റെ റഡാറിൽ വേറെ ഒരു രവിയും പെടില്ല. എന്നാലും രവിചന്ദ്രൻ ഒരിക്കൽ അബുദാബിയിൽ അവരുടെഅടുത്ത് വന്നത് ചെറുതായി ഓർമ്മ വന്നു.
രവിയുടെ സ്ഥലം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി ഓ എന്ന് കണ്ടപ്പോൾ കൗതുകം തോന്നി. ഒന്ന്അന്വേഷിച്ചപ്പോൾ അത് ഒലവക്കോടിനും പുതുപ്പരിയാരത്തിനും ഇടക്ക് കിടക്കുന്ന ഒരു ഏരിയ ആണെന്ന്ഏതാണ്ട് മനസ്സിലാക്കി. കൂടുതൽ അറിവുള്ളവർക്ക് അവരുടെ ജ്ഞാനം പങ്കുവെക്കാം.
രണ്ട് രവിമാരും ആത്മാർത്ഥ സുഹൃത്തുക്കൾ ആണെന്ന് സ്വീകരിക്കവേ തന്നെ... രാമനും വിനീഷിനും രാവിലാൽപോലെ, ബിജൂനും നാരായണനും ജിക്കു പോലെ, ആശക്കും അപർണക്കും നീല പോലെ... രവിക്കും രാവിലാലിനുംസുമേഷ്, അവരുടെ ത്രിമൂർത്തി സംഗമത്തിലെ മൂന്നാമത്തെ നേടും തൂണാണ്. ഈ മൂവർ സംഘം ഏതാണ്ട് നാല്വർഷവും ഒന്നിച്ചു തന്നെ യാത്രയും പഠിത്തവും നടത്തുന്നതോടൊപ്പം എല്ലാ വിധ വിജയങ്ങളും നേടിയെടുത്തു.
ആദ്യം തന്നെ നമ്മുടെ സംഘത്തിലെ മര്യാദാപുരുഷോത്തമൻ രാമൻ അവന്റെ രവിപുരാണത്തിന്റെ ഓർമ്മകൾഅയവിറക്കുന്നത് എങ്ങനെ എന്ന് നോക്കാം...
“ഒരു കംപ്ലീറ്റ് നോ~നോൺസെൻസ് ഗ്രൂപ് ആയിരുന്നു അത്. പഠിത്തവും അതോടു ബന്ധപ്പെട്ട വിഷയങ്ങളുംമാത്രമേ ഈ മൂവർ സംഘം എടുക്കൂ. നാലു വർഷത്തിൽ ഒട്ടും കളങ്കിതരാവാത്ത മഹാത്മാക്കൾ...കരയോഗംഹോസ്റ്റലിലെ ഓരോ അണുവിലും അവരുടെ ശ്വാസനിശ്വാസങ്ങൾ അലിഞ്ഞു ചേർന്നു. രവി കോഴ്സിന് ശേഷംഎന്റെ റഡാറിൽ നിന്നും അപ്രത്യക്ഷമായി”. രാമൻ വില്ല് താഴെ വെച്ചു!
കരയോഗത്തിൽ ഉണ്ടായിരുന്നു എങ്കിലും വിനീഷിന് രവിയോർമ്മകൾ കുറവാണ്. രവിലാലിനോടൊപ്പം ബിബാച്ചിലെ ഒന്നാമത്തെ ബെഞ്ചിൽ ഇരിക്കുന്ന രൂപം മാത്രമാണ് ശ്രീരാമകൃഷ്ണന് പറയാനുള്ളത്.
ഒന്നാമത്തെ ബെഞ്ചിൽ ഇവർക്ക് കൂട്ടായി പ്രകാശനും ഇരുന്നിരുന്നു എന്ന് പറയാൻ പറഞ്ഞു. പ്രകാശന് ക്ലാസ്സിൽനിന്നും പെട്ടെന്ന് എണീറ്റ് പോവാൻ വേണ്ടിയാണീ ദൗത്യം ഏറ്റെടുത്തത് എന്നവൻ അവകാശപ്പെട്ടു.
എപ്പോഴും ചിരിക്കുന്ന അവന്റെ മുഖമാണ് സുരേന്ദ്രന്റെ ഓർമയിൽ. യു എ ഇ യിൽ രവിയും ഫാമിലിയുംവിസിറ്റിനു വന്നപ്പോൾ കണ്ടുമുട്ടിയതും അന്നത്തെ നല്ല നിമിഷങ്ങളും സുരേന്ദ്രൻ ഓർക്കുന്നു.
ഇനി ത്രിമൂർത്തികളിൽ ഒരാളായ സുമേഷിന്റെ വെള്ളിനേഴി വചനങ്ങളിലേക്ക്...
“എന്റെ ക്ലോസ് ഫ്രണ്ടായിരുന്നു രവി. മൂന്നുപേരിൽ ഞാനും രാവിലാലും സ്വല്പം അന്തർമുഖരായിരുന്നു. എന്നാൽ രവി അങ്ങനെ അല്ല. അത്യാവശ്യം ഇടിച്ചു കയറി സംഭവം കളറാക്കാൻ ധൈര്യം ഉണ്ടായിരുന്നു അവന്. എന്തായാലും ഞങ്ങൾമൂന്നുപേരുടെയും ഫ്രീക്യുൻസി പലപ്പോഴും ചേർന്നു വന്നത് കൊണ്ട് ഈ സംഘം ശക്തിയോടെ മുന്നോട്ടുപോയി".
“രവിയുടെ ഏറ്റവും സവിശേഷമായ കാര്യം അവന്റെ ചിരി തന്നെയാണ്. സംസാരത്തിനു മുൻപേ ഫിറ്റ് ചെയ്യുന്നചിരി, വർത്തമാനങ്ങൾക്ക് ശേഷവും കുറച്ചുനേരം കൂടെ പിടിച്ചുനിർത്തും.
അവൻ ചെറുപ്പത്തിൽ വളർന്നുവന്ന കാഠിന്യമേറിയ ചുറ്റുപാടുകൾ അവനെ സംഘത്തിലെ ഏറ്റവും ധീരനാക്കി. ഏതൊരു പ്രയാസമേറിയ സാഹചര്യത്തെയും ഒരു ചെറുപുഞ്ചിരിയോടെ എതിരേൽക്കാനുള്ള അവന്റെ ധീരത, തുടക്കം മുതലേ ഓർമിച്ചെടുക്കാം. സങ്കീർണമായ കാര്യങ്ങളെ നേരിടുന്നതിലെ ചങ്കൂറ്റവും റിസ്ക് എടുത്തുപ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കെല്പും അവന്റെ സവിശേഷതകൾ ആയിരുന്നു.
പഠിത്തത്തിൽ ആണെങ്കിലും കോഴ്സിന് ശേഷം ചെയ്യാനുള്ളതാണെങ്കിലും, അവന്റെ പ്ലാനിങ് ഗംഭീരമായിരുന്നു. അത്‌പോലെ മൂവരും ചേർന്ന് ധോണിമല കയറിയതും സുമേഷ് ഓർക്കുന്നു. അന്നും ധൈര്യം പകർന്നത് രവിയുടെസാന്നിധ്യമാണ്.”
ഇതൊക്കെ ആണെങ്കിലും രവി ഒരു രസികൻ ആയിരുന്നു. അവന്റെ സവിശേഷ ചിരിയെ പറ്റി പറഞ്ഞല്ലോ. തമാശകൾ പറയുന്നതിനും അതിന്റെ തൊട്ടു പിന്നാലെ ഉയരുന്ന അവന്റെ ചിരികളും സുമേഷിന് ഇന്നുംരസാവഹമായ ഓർമ്മയാണ്.
കോഴ്സിന് ശേഷം സുമേഷുമായി പിന്നെ അധികം കോൺടാക്റ്റ് ഇല്ലായിരുന്നു. പിന്നീട് രവിലാൽ വഴിയാണ്പലതും അറിയുന്നത്. കഴിഞ്ഞവർഷം നാട്ടിൽ വന്നപ്പോൾ രവി സുമേഷിനെ ഫോൺ ചെയ്തിരുന്നു. കുറെവർഷങ്ങൾക്കു ശേഷം തന്റെ പ്രിയ സുഹൃത്തിന്റെ സ്വരം കേട്ടപ്പോൾ ആഹ്ലാദിച്ചു സുമേഷ്. അവന്റെ ആ പഴയചിരിയും ചുറുചുറുക്കും എല്ലാം ഇപ്പോളും മാറിയിട്ടില്ല എന്ന് സുമേഷ്.
ഇനി രവിയുടെ ഏറ്റവും അടുത്ത ആത്മാർത്ഥ സുഹൃത്ത് രവിലാൽ പങ്കുവെച്ച ഓർമകളിലേക്ക്... ബിജിയുടെഓർമ്മകൾ അയച്ച ഫാത്തിമയുടെ അതേ സ്റ്റൈൽ വിവരണം കൊണ്ട് സവിശേഷമാണ് രാവിലാലിന്റേതും...
“ഒറ്റ വാചകത്തിൽ പറഞ്ഞാൽ രവിചന്ദ്രൻ എന്റെ ആത്മ സുഹൃത്താണ്. നാലുവർഷം കോളേജ് ടൈമിലുംഅതിനുശേഷവും സുഹൃദ്ബന്ധം സൂക്ഷിക്കുന്നു. വളരെ സൗമ്യനും സഹൃദയനും ആണ് രവിചന്ദ്രൻ.
ഒരിക്കൽ പോലും അനാവശ്യമായി ശബ്ദമുയർത്തി സംസാരിക്കുന്നത് കേട്ടിട്ടില്ല. എല്ലാവരെയും നർമ്മം കലർന്നസംഭാഷണത്തിലൂടെ കയ്യിലെടുക്കാൻ പ്രഗൽഭൻ ആയിരുന്നു രവി!
എസ് ത്രീയിൽ ഞാനും രവിചന്ദ്രനും സുമേഷും കരയോഗം ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നു. അതിനുശേഷംരവിചന്ദ്രൻ റെയിൽവേ കോളനിയിലേക്ക് താമസം മാറ്റി.
കോളേജ് വിട്ടതിനു ശേഷവും രവിയെ പലപ്രാവശ്യം കാണാൻ സാധിച്ചിട്ടുണ്ട്. നർമ്മം കലർന്ന സംഭാഷണശൈലിയിൽ എല്ലാവരെയും കയ്യിലെടുക്കാൻ എപ്പോഴും അസാമാന്യ കഴിവാണ്. 2016 ഇൽ പാലക്കാട്ടും 2018 ഇൽബാംഗ്ലൂരിലും വച്ചു രവിയെയും കുടുംബത്തെയും കാണുവാൻ സാധിച്ചു.
സ്വപ്രയത്നത്താൽ ജീവിതത്തിന്റെ ഉന്നതിയിൽ എത്തുവാൻ കഴിഞ്ഞപ്പോഴും ലാളിത്യം, നർമ്മം എന്നിവ മനസ്സിൽസൂക്ഷിക്കാൻ ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് രവിചന്ദ്രൻ....” രവിലാൽ തന്റെ ആത്മാർത്ഥ സുഹൃത്തിനെ പറ്റിഹൃത്തടത്തിൽ നിന്നുമുള്ള വാക്കുകൾ ഇങ്ങനെ ഉപസംഹരിച്ചു. ഇത് തന്നെയല്ലേ ഒരാളുടെ ജീവിതത്തിലെഏറ്റവും വലിയ ബഹുമതി!
കോഴ്സ് കഴിഞ്ഞതും രവിക്ക് പാലക്കാട് പോളിടെക്നിക്കിൽ അതിഥി അധ്യാപകനായി ജോലി ലഭിച്ചു. അങ്ങനെഒരു സുപ്രഭാതത്തിൽ ആണ് പാലക്കാട്ടെ അഭിരാമി എന്ന സ്വന്തം തട്ടകത്തിൽ വെച്ച് പ്രകാശനും രവിയും തമ്മിൽക്‌ളാസ്സിലെ ബെഞ്ചിലെ ഇരുത്തത്തിനു ശേഷം വീണ്ടും കാണുന്നത്. ആ ഒരു കണ്ടുമുട്ടൽ മതിയായിരുന്നുപ്രകാശന് രവിയുടെ ഹൃദയാഗ്നിയുടെ പ്രകാശത്തിന്റെ വ്യാപ്തി മനസ്സിലാവാൻ.
സ്വന്തം ആഗ്രഹങ്ങളുടെ സാമാന്യ രൂപം മനസ്സിൽ സ്ഥാപിച്ചിട്ട് അതിലേക്കുള്ള വഴികൾ മനസ്സ് പുകഞ്ഞാലോചിച്ചുഅവയെ നേടിയെടുക്കാനുള്ള രവിയിലെ ജിജ്ഞാസ പ്രകാശനിലെ കാന്തമനസ്സ് ഒപ്പിയെടുത്തു. അവിടെ വേറെഒരു ആത്മാർത്ഥസൗഹൃദം തളിരിട്ടു.
പിന്നീട് പ്രകാശന്റെയും രവിയുടെയും മനക്കോട്ടകൾ ദിനം തോറും വലുതായിക്കൊണ്ടേ ഇരുന്നു. അവസരങ്ങൾതേടിയുള്ള പാലക്കാടൻ അലച്ചിലുകൾ.. പക്ഷെ അവരുടെ ലക്ഷ്യബോധത്തെ ഒരിക്കലും തളർത്തിയില്ല... മറിച്ചുപുതിയ വഴികളിലേക്കുള്ള ചൂണ്ടുപലകകൾ കണ്ടുതുടങ്ങി...
അങ്ങനെയാണ് ഇവർ നമ്മുടെ രാജേഷ് സുബ്രുവിനെ കാണുന്നത്. പെട്ടെന്ന് തന്നെ ആണ്, മൂവർ സംഘംഅവരുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ധൈര്യത്തെ പൂർവാധികം ശക്തമായി പരിപോഷിപ്പിച്ചത്. ക്ലാസിക്ബിൽഡേഴ്സ് ജന്മം കൊണ്ടത് അങ്ങനെയാണ്.
പഠിത്തം കഴിഞ്ഞ പലരും ജോലി അന്വേഷിച്ചും ഉപരിപഠനങ്ങളുടെ ആപ്പ്ളിക്കേഷൻ ഫോം ഫിൽ ചെയ്തുംനടക്കുന്ന കാലത്തു ഈ മൂവർ സംഘം പാലക്കാട്ട് ബഹുനില കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. വളരെതിരക്കേറിയ ജീവിതം ആയിരുന്നെങ്കിലും അപ്പോഴും രവി ഗസ്റ്റ് ലെക്ച്ചറർ ജോലി ഉപേക്ഷിക്കാൻ തയ്യാറായില്ല.
രവി തീയിൽ കൊരുത്തവൻ ആണെന്ന് പ്രകാശൻ. ജീവിതപ്രയാണത്തിലെ പന്ഥാവിൽ കാണപ്പെടുന്ന തടസ്സങ്ങൾആ യാത്രയിലെ ചില ഒഴിവാക്കാനാവാത്ത കാര്യങ്ങൾ ആണെന്നുള്ള അറിവ് രവിക്ക് ചെറുപ്പത്തിലേമനസ്സിലായിരുന്നു.
ക്ലാസിക് ബിൽഡേഴ്സിന്റെ മൂവർ സംഘത്തിന്റെ തുടക്കത്തിലേ മൂന്നു വർഷങ്ങൾ “ക്ലാസിക്" തന്നെ എന്ന്സുബ്രു. രവിയുടെ റിസ്ക് എടുക്കാനുള്ള ധൈര്യവും എന്നാൽ അതെ സമയം അവന്റെ ലാളിത്യവും സുബ്രുഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. അവർ മൂന്നുപേരും കൈമെയ് മറന്ന് ടീം വർക്കിന്റെ ഔന്നത്യത്തിൽചെന്നെത്തി.
ആ സമയത്തു രവിയും സുബ്രുവും ഒന്നിച്ചായിരുന്നു ദിവസവും ഉച്ചയൂണ്... സുബ്‌റൂന്റെ വീട്ടിൽ. അവന്റെഅമ്മയ്ക്കും രവിയെ നല്ല കാര്യമായിരുന്നു... രവിയുടെ ഫേവറിറ്റ് പൊട്ടറ്റോ ഫ്രൈ മിക്കപ്പോഴും അമ്മഉണ്ടാക്കുമായിരുന്നു. ഒരു ബിസിനെസ്സ് പങ്കാളി എന്നതിനേക്കാൾ വീട്ടിലെ സ്വന്തം ഒരാൾ എന്ന നിലക്കാണ്രവിയും സുബ്രുവും കഴിഞ്ഞത്.
അതിനിടയ്ക്കാണ് രവിക്ക് നമ്മുടെ കോളേജിൽ തന്നെ ഗസ്റ്റ് ലക്ച്ചറർ ആയി ജോലി കിട്ടുന്നത്. ജീവിതത്തിലെഒരു മഹാഭാഗ്യമായി തന്നെ അവനതിനെ കാണുന്നു.
രണ്ടായിരത്തിരണ്ടിൽ രവി പാലക്കാട് വിടുന്നു... എണ്ണപ്പാടങ്ങളുടെ നാടായ സൗദി അറേബ്യ...അതോടൊപ്പംപ്രകാശൻ എം ടെക് ചെയ്യാനും പോയി... അങ്ങനെ ക്ലാസിക് ബിൽഡേഴ്‌സ് അതിന്റെ ദിശ മാറ്റി വീണ്ടുംപുരോഗതിയിലേക്കു കുതിച്ചു. അതിന് ശേഷം സുബ്രു രവിയെ കാണുന്നത് 19 വർഷങ്ങൾക്ക് ശേഷം പാലക്കാട്നൂറണിയിൽ വെച്ചാണ്, അവന്റെ ഗ്രാമത്തിന്റെ ക്ഷേത്രത്തിലെ ഉത്സവത്തിന്.
രവിയുടെ പുതിയ സ്വന്തം വീട് നൂറണിയിലാണ് എന്ന് പ്രകാശൻ പറഞ്ഞു. രവിയുടെ സഹധർമിണിയുംപാലക്കാട്ടുനിന്ന് തന്നെ. രണ്ടുകുട്ടികളാണ് രവിക്ക് ഒരു മോനും ഒരു മോളും.. മോൾ ഗായത്രി ആണ്മനോരമയിലെ ഓണപ്പതിപ്പിൽ മോഡൽ ആയി വന്ന ഫോട്ടോയിൽ നിങ്ങൾക്കു കാണാൻ സാധിക്കുന്നത്.
കുടുംബത്തോടുകൂടെ ഒരിക്കൽ മസ്കറ്റിൽ രവി വന്നതും ഒന്നിച്ചു താമസിച്ചതും മനോജ് ഓർക്കുന്നു. താരതമ്യേനസുഗമമായ സ്വാതന്ത്ര്യങ്ങളും സാമൂഹ്യ ജീവിത സാഹചര്യങ്ങളും കണ്ടു രവിക്കും കുടുംബത്തിനും മസ്കറ്റ് വളരെഇഷ്ടപ്പെട്ടത് മനോജിനിന്നും ഓർമയുണ്ട്. ഉൾക്കടലിൽ ഡോൾഫിൻ കൂട്ടത്തെ കണ്ട നിമിഷങ്ങൾ മറക്കാൻസാധിക്കില്ല.
അടുത്ത കാലത്തായി രവിയും സുഹൃത്തുക്കളും ചേർന്ന് സൗദി അറേബിയയുടെ “അൽ മറായി” പാൽ ഉത്പാദന-വിതരണ ശൃംഖലയുടെ ഉത്പാദന കേന്ദ്രത്തിൽ സന്ദർശനം നടത്തി. അവിടെ പ്രൊജക്റ്റ് മാനേജർ ആയ ഷംസുആണ് എല്ലാ ഏർപ്പാടുകളും ചെയ്തത്.
ഷംസു ഇപ്പോൾ റിയാദിലെ 150 കി മി മാറി അൽ ഖർജ് എന്ന സ്ഥലത്താണ്. അവിടെ നിന്നും 600 കി മി അകലെവടക്കു മാറി വ്യവസായ മേഖല ആയ ജുബൈൽ എന്ന സ്ഥലത്താണ് രവി. അവിടെ പോയ ഒരു പ്രാവശ്യം ഷംസുരവിയെ കണ്ടിരുന്നു. പിന്നെ ആവശ്യമുള്ളപ്പോൾ എല്ലാം അവർ ഫോണിൽ സംസാരിക്കാറുണ്ട്.
ഇനിയാണ് കഥ കഥാപാത്രത്തിന്റെ എഴുത്തിലേക്ക് പോവുന്നത്... കൊറോണ വൈബ്‌സിലെ അതിനൂതനസംവിധാനം... കഥാപാത്രം സ്വയം കല്ലിൽ കൊത്തി സ്വന്തം പ്രതിമ ഉണ്ടാക്കുന്നു...
രവി കഥ എഴുതുകയാണ്... കഥാകൃത്തിന്റെ പൊടിപ്പും തൊങ്ങലും വേറെ!
“ പാലക്കാട്.. അതാണ് എന്റെ രാജ്യം... ഞാൻ പാലക്കാട്ട് രവി... ഞാനും സുമേഷും രാവിലാലും ഒരു ഒന്നൊന്നരകൂട്ടായിരുന്നു സൂർത്തുക്കളെ... പലപ്പോഴും ഞങ്ങൾ “ത്രീ മെൻ ആർമി" എന്ന പേരിൽ അറിയപ്പെട്ടു!
ഫസ്റ്റ് ഇയറിൽ എനിക്ക് ഇലെക്ട്രിക്കൽ ബാച്ചിൽ ഒരു ഹൈ വോൾടേജ് കണക്ഷൻ ഉണ്ടാർന്നു... വേറെ ആർക്കുംഅറിയില്ല... ഇപ്പോൾ ഞാനാ രഹസ്യം പറഞ്ഞില്ലെങ്കിൽ... എനിക്കാ രഹസ്യം ഇനിയും നെഞ്ചിലേറ്റാൻ വയ്യ!
ഞാൻ എൻ എസ് എസിൽ ആദ്യത്തെ ദിവസം ഇത്തിരി ലേറ്റ് ആയാണ് എത്തിയത്. ഓഫീസിൽ നിന്നും ഒരുഅറ്റൻഡർ എന്റെ കൂടെ വന്നു നമ്മുടെ ലൈബ്രറി ബില്ഡിങ്ന്റെ 1സ്റ്റ് ഫ്ലോറിൽ കൊണ്ടുപോയി ക്‌ളാസ് മുറികാണിച്ചു. അപ്പോൾ ആ പീരീഡ് തുടങ്ങിയിരുന്നു. വേറെ ഒന്നും ശ്രദ്ധിക്കാതെ ഞാൻ പിന്നിലെ ഒരു ബെഞ്ചിൽസ്ഥലം കണ്ടെത്തി.
ക്‌ളാസ്സിനിടക്ക് “സിമൻറ്, കമ്പി, മണൽ“ എന്നീ നാമാവലി പ്രതീക്ഷിച്ച എനിക്ക് നിരാശ ആയിരുന്നു ഫലം. അതിനു പകരം “വോൾടേജ്, കറണ്ട് എന്നൊക്കെയാണ് കേട്ടത്”. ചിലപ്പോൾ ഒന്നാം വർഷം എല്ലാംകോമണായിരിക്കാം എന്ന വിശ്വാസത്തിൽ ഒന്നൂടെ ഇരിക്കപ്പൊറുതി അവിടെ തന്നെ ഉറപ്പിച്ചു.
അടുത്ത പീരീഡ് കണക്കായിരുന്നു. നമ്മുടെ പി സി പി സാർ... അറ്റന്റൻസ് എടുക്കുന്നു... വന്നവർ “യെസ് സാർ“ എന്നും വരാത്തവർ ഒരു നിശബ്ദതയും ആയി കണക്കെടുപ്പ് തുടർന്നു. അവസാനം ഞാൻ മാത്രം യെസ്സിന്റെയുംനൊയുടെയും ഇടക്കുള്ള ഇടവഴിയിലെ പൂച്ചയായി. ഞാനാകുന്ന, ഞാൻ അല്ലാത്ത, എന്റെ നേരെ ഒരു മദയാനയെപോലെ പി സി പി സാർ നോക്കി... നീയാരാപ്പാ ... നീയെന്താപ്പാ ... സാറിന്റെ സ്വതസിദ്ധമായ ചോദ്യം ചെയ്യൽ...
അപ്പോളാണ് ഞാൻ അറിയാത്ത എന്റെ അടുത്തുള്ള ഐ ഡി കാർഡ് സാർ നോക്കുന്നത്. ഓഡ്ഡ് വൺ ഔട്ട്....ഔട്ട്.... അപ്പോളാണ് ആ പ്രപഞ്ച രഹസ്യം വെളിവാവുന്നത്... ഞാൻ ഇലെക്ട്രിക്കൽ ക്‌ളാസിൽ ആണ് കയറിയത്... സിവിൽ അപ്പുറത്തെ ക്‌ളാസ് ആണ്... എന്റെ കണ്ണിൽ വൈദ്യുതിയുടെ ആയിരം സ്ഫുലിംഗങ്ങൾ വന്നു പൊട്ടിചിതറി. അങ്ങനെ എന്റെ ജീവിതത്തിലെ എഞ്ചിനീയറിംഗ് ജീവിതത്തിലെ ആദ്യത്തെ ധന്യ നിമിഷങ്ങൾഇലെക്ട്രിക്കൽ ബ്രാഞ്ചുമായുള്ള ഈ ഹൈ വോൾടേജ് ബന്ധത്തിൽ ആണ് കരിഞ്ഞു തീർന്നത്.
അടുത്ത പീരീഡിൽ ഞാൻ സിവിൽ ക്ലാസ്സിൽ കയറി... പടം തുടങ്ങി 15 മിനിറ്റ് വൈകി തിയേറ്ററിൽ കയറിയപോലെ ഞാൻ ഒരു സീറ്റിനായി പരതി... അപ്പോൾ അതാ.. മാലാഖമാരെ പോലെ നിഷ്കളങ്ക വദനങ്ങളുമായി രണ്ടുപേർ എന്നെ സാകൂതം വീക്ഷിക്കുന്നു... ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ ആ മാലാഖമാരെലക്ഷ്യമാക്കി എന്റെ കാലുകൾ ചലിച്ചു. ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ച്... ഒരു സീറ്റ് ബാക്കി... കാലം എനിക്ക് വേണ്ടികാത്തുവെച്ച സ്ഥാനം... ഞാൻ മാലാഖമാരോടൊത്തു ഇരിപ്പുറപ്പിച്ചു...
അടുത്തിരുന്ന മാലാഖയുടെ പേര് ചോദിച്ചു.. രവിലാൽ; അടുത്തയാൾ... സുമേഷ് ... അതാണ് തുടക്കം... എസ് 8 ന്റെ ഒടുക്കം വരെ തുടർന്ന ബന്ധം അന്ന് തുടങ്ങി... “
രവി ആകെ പോയ ടൂർ, കൊച്ചിക്ക് പോയ സ്റ്റഡി ടൂർ ആണ്.. അന്ന് ബൈ പാസ് റോഡിലെ വെൽ ഫൌണ്ടേഷൻഅവന്റെ ശ്രദ്ധ ആകർഷിച്ചു. നിർമ്മല ടീച്ചറുടെ അവിടത്തെ എഞ്ചിനീറിങ് വിവരണം ഇന്നുംഓർമയുണ്ട്.
കോഴ്സ് കഴിഞ്ഞതും ഒരു ജോലിക്ക് വേണ്ടിയുള്ള ഓട്ടം തുടങ്ങി. പരീക്ഷയുടെയും അലച്ചിലുകളുടെയും ഇടയിൽകോയമ്പത്തൂരിൽ ശോഭ കമ്പനിയുടെ വില്ല പ്രൊജക്ടിൽ ചേർന്നു... എന്നാൽ അതി ദയനീയമായ താമസസാഹചര്യങ്ങളോട് പൊരുത്തപെടാതെ രവിയും സുമേഷും അവിടന്നു പെട്ടെന്ന് കെട്ട് കെട്ടി പോന്നു. അവിടെപിന്നീട് കെട്ടുകെട്ടി പാർത്ത വേറെ രണ്ടുപേരുടെ കഥകൾ പറയാൻ ബാക്കി ഉള്ളത് കൊണ്ട് അതിവിടെ നിർത്താം.
അതിനു ശേഷം രവിലാൽ ഐ ഓ സി യിലും സുമേഷ് ബാംഗളൂരിൽ കമ്പ്യൂട്ടർ പഠനത്തിനും പോയതോടെ ത്രീമെൻ ആർമി, വൺ മാൻ ആർമി ആയി.
അപ്പോഴാണ് അതുവരെ മാലാഖയായി തോന്നാതിരുന്ന ഒരാൾ ജീവിതത്തിലേക്ക് പറന്നു വരുന്നത്... ശുഭപ്രകാശംപരത്തി ... “ഞാൻ പ്രകാശൻ”... വളരെ വേഗം തന്നെ പ്രകാശൻ രവിയുടെ ആത്മാർത്ഥ സുഹൃത്തായി. ആകാലത്തുതന്നെ ആണ് രവിക്ക് പോളിയിൽ സ്ഥിരമല്ലാത്ത ജോലി കിട്ടിയത്. അപ്പോൾ സിറാജ് പാലക്കാട്ട് ചിലറോഡ് പണികളിൽ തിരക്കിലായിരുന്നു.
അതിനു ശേഷമാണ് ക്ലാസിക് ബിൽഡേഴ്‌സ് എന്ന സംരംഭം തുടങ്ങുന്നത്... അങ്ങനെ രവി അടുത്ത ത്രീ മെൻആർമിയുടെ ഭാഗഭാക്കാവുന്നു. നിറയെ പ്രോജെക്ടസ് ചെയ്യുന്നതോടൊപ്പം അവന് നമ്മുടെ കോളേജിലേക്കുംഅവസരം കിട്ടുന്നു... അങ്ങനെ അവസരങ്ങളുടെ ഒരു ഘോഷയാത്രയിൽ രവി അവന്റെ കരിയർ നല്ല ഒരുഫൗണ്ടേഷനിൽ കെട്ടിപ്പൊക്കി.
2002 ൽ ആണല്ലോ അവൻ സൗദിയിലേക്ക് പോയത്. അവിടേക്ക് പറക്കുമ്പോൾ പ്രകാശന്റെ ഒപ്പം മനോജിനെയുംകൂട്ടി ട്രിപ്പിൾ വെച്ച് പാലക്കാട്ടുനിന്നും തൃശൂർ പൂരം കാണാൻ ബൈക്കിൽ എൻ എച് വഴി പോയതും, പാലക്കാട്ട്വരുന്ന എല്ലാ സുഹൃത്തുക്കളെയും കണ്ടു സ്നേഹാന്വേഷണങ്ങൾ പങ്കുവെച്ചതും, പ്രകാശന്റെ കൂടെ അവന്റെനാട്ടിൽ പോയതും, മനോജിന്റെ വീട്ടിൽ നിന്നതും, അവിടത്തെ ഒരു “കണ്ടീഷൻ” ആയ മോഹൻലാൽ ചിത്രംകളിപ്പാട്ടം കണ്ടതും, സിന്ധൂന്റെയും വിവേകിന്റെയും വീട്ടിൽ സന്ദർശിച്ചതും എല്ലാം ഒരു കാസ്സെറ്റ് റിവൈൻഡ്പോലെ ബോധമണ്ഡലത്തിൽ വെളിച്ചം വീശി.
സൗദിയിൽ ജീവിതം തുടങ്ങിയതോടെ ജീവിതത്തിന്റെ വേറെ ഒരു രാഗവും താളവും പല്ലവിയും തെളിഞ്ഞു വന്നു. 2002-03 കാലത്ത് ഷംസു ജിദ്ദയിലും രാകേഷ്‌ജി ദമ്മാമിലും ആയിരുന്നു.
രാമന്റെ “കൂടുവിട്ട് കൂടുമാറ്റം” കുറച്ചൊക്കെ രവിക്കും ഉണ്ട്. അങ്ങനെ ചാടി ചാടി ഇപ്പോൾ രവി ജുബൈലിലെ ഒരുപെട്രോ-കെമിക്കൽ കമ്പനിയിൽ ആണ്.
മനോജിന്റെ ഒപ്പം മസ്കറ്റിൽ ഒരു റംസാൻ അവധി ദിവസങ്ങൾ ചെലവഴിച്ചത് രവിക്ക് ഇന്നലെനടന്നപോലെ...മസ്‌കറ്റിലെ മനോജ് & മനോജ് പിള്ള കമ്പനിയെ അടുത്തറിയാൻ രവിക്കായി.
വേറെ ഒരവധിക്കാലം ദുബായിൽ ആയിരുന്നു. അന്ന് സിന്ധു, സുരേന്ദ്രൻ എന്നിവരുടെ ഫാമിലിയെ കണ്ടു. കൂടാതെ എസ് പി, സജിനി എന്നിവരെ ഫോണിലും വിളിച്ചു സംസാരിച്ചു.
ഒരിക്കൽ രവിയുടെ മകൻ ഗണേഷ് രവിയുടെ ഒരു ആർട്ടിക്കിൾ സ്കൂൾ മാഗസിനിൽ വന്നു. സോളാർ എനർജിസംബന്ധമായ ഒരു പ്രമേയം ആയിരുന്നു... അന്നവൻ മൂന്നാം ക്‌ളാസിൽ ആയിരുന്നു. അത് നമ്മുടെ ഗ്രൂപ്പിൽകണ്ടിട്ട് ആശ, രവിക്ക് സന്ദേശം അയച്ചത് ഇപ്പോഴും അവനോർമയുണ്ട്.
പിന്നെ ഒരവധിക്കാലത്ത് ഓണത്തിന് നാട്ടിൽ ഉള്ളപ്പോൾ ഒരു പത്രത്തിന്റെ സ്‌പെഷൽ പതിപ്പിനുള്ള മോഡൽആയി അവന്റെ മോളെയും സെലക്ട് ചെയ്തു... ഭാഗ്യവശാൽ സുന്ദരിമോളുടെ ഫോട്ടോ തന്നെ അച്ചടിച്ച് വന്നു. ഇത്രയുമാണ് രവിക്ക് സെൽഫ് ഇൻട്രോ യിൽ പറയാൻ ഉള്ളത്
രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ട്രൈക്ക് ബൗളർ ആയിരുന്നു ഒരിക്കൽ.. കൃത്യമായി പറഞ്ഞാൽധോണിയുടെ പ്രതാപകാലത്ത്! പിന്നീട് ചെന്നൈ സൂപ്പർ കിങ്‌സ്, അതിനു ശേഷം പഞ്ചാബ് കിങ്‌സ് ഇലവൻഎന്നീ ഐ പി എൽ ടീമുകളിൽ താക്കോൽ സ്ഥാനങ്ങൾ നേടിയെടുത്തു അശ്വിൻ.
തമിഴ്, മലയാളം, ഹിന്ദി സിനിമാ രംഗത്തെ അതികായനായ സിനിമാട്ടോഗ്രാഫർ ആണ് രവി കെ ചന്ദ്രൻ. മിൻസാര കനവ്, ബോയ്സ്, ഏകലവ്യൻ, കണ്ണെഴുതി പൊട്ടും തൊട്ട്, ദിൽ ചാഹ്താ ഹൈ, പഹേലി, ഫനാ... അങ്ങനെ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ നിരവധിയാണ്.
അദ്ദേഹത്തിന്റെ അതേ സൃഷ്ടിപഥത്തിലൂടെ കടന്നു വന്ന ഒരു അനുഗ്രഹീതനായ കലാകാരനാണ് സുജിത്വാസുദേവ്. ദൃശ്യം, എസ്രാ എന്നീ മികച്ച സൃഷ്ടികൾക്കു ശേഷം സുജിത് തന്റെ ക്യാമറ ചലിപ്പിച്ചത് ലൂസിഫർഎന്ന ബ്ലോക്ക് ബസ്റ്റർ സിനിമക്കാണ്. രണ്ടു തവണ സുജിത്തിന് കേരളാ സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്.
തിരിഞ്ഞു നോക്കുമ്പോൾ രണ്ടു ത്രീ മെൻ ആർമികളുടെ അമരത്തിൽ നിന്ന രവിക്ക് ആ സൗഹൃദങ്ങളുടെ മെയിൻപ്ലയെർ ആയത് തെല്ലൊരു ആത്മവിശ്വാസം സൃഷ്ടിച്ചിരിക്കും... ത്രീ മെൻ ആർമികളും കഴിഞ്ഞ 24 വർഷങ്ങളിൽപരിചയപ്പെട്ട അസംഖ്യം സുഹൃത്തുക്കളും അവരുടെ ഓർമകളും അനുഗ്രഹങ്ങളും എല്ലാം അവന്റെജീവിതപാതയായി തന്നെയാണ് അനുഭവപ്പെടുന്നത്. 2014/16 ജി ടി കളിൽ പങ്കെടുക്കാൻ സാധിക്കാത്തത്വലിയൊരു നഷ്ടമായി തന്നെ രവിക്ക് തോന്നുന്നുണ്ടാവണം.
അങ്ങനെ ഒരു ഇലെക്ട്രിക്കൽ ഷോക്കിൽ തുടങ്ങിയ രവിപുരാണം കഥാകൃത്ത് ഉപസംഹരിക്കുന്നു... ഇനിയാണ്തടത്തിൽ ദിനേശ്...
സസ്നേഹം എം പി
മസ്കറ്റ്
30 ഏപ്രിൽ 2020 : 09:25 pm
Ravipuranam superb.as commented by Radha
ReplyDeleteThanks a lot Radha ji
Delete