സുഹൃദ് സ്മരണ | മാങ്കാവിലെ നന്മമരം ~ രാമഭദ്രൻ
ഗൂഡോൾ 96 |
കൊറോണ വൈബ്‌സ് 18 |
മാങ്കാവിലെ നന്മമരം : രാമഭദ്രൻ
പ്രിയരേ
ആദ്യം അദ്ധ്യായത്തിനു പേരിട്ടത് “മാങ്കാവ് രാമഭദ്രൻ” എന്നായിരുന്നു. ഏതോ ഗജകേസരിയുടെപേരാണോ എന്ന് തോന്നിപ്പിക്കുന്ന ഒരു പേര്... എന്തായാലും തുടക്കം ഗണപതി ഭഗവാനെ തന്നെ സ്മരിച്ചത് നല്ല കാര്യമാണല്ലോ.. മംഗളമൂർത്തി... സാക്ഷാൽ വിഘ്നേശ്വരൻ !
പിന്നീട് രാമന്റെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളിൽ ഒരാളായ വിനീഷിന്റെ ഓർമ പുതുക്കൽ കേട്ടുകൊണ്ടിരിക്കുമ്പോളാണ് “നന്മമരം” എന്ന വിശേഷണം വന്നു വീണത്... അങ്ങനെ ആണ് കോഴിക്കോട് മാങ്കാവുനിന്നും പാലക്കാട്ടുവന്ന നന്മമരം ആയത്, നമ്മുടെ സ്വന്തം രാമഭദ്രൻ.
രാമഭദ്രൻ എന്നത് ശ്രീരാമന്റെ പേരുതന്നെയാണ്...“ലോർഡ് ഓഫ് വെൽ ബീയിങ്” എന്ന് ആംഗലേയത്തിൽ പറയാം... പ്രജകളുടെ സുഖവും സമാധാനവും ഭദ്രമാക്കി കാത്തുകൊള്ളുന്ന രാമൻ.. എന്ന് നമ്മുടെ ഭാഷയിൽ...
രണ്ട് ചേച്ചിമാരുടെ അനിയൻ... നമുക്കെല്ലാം അറിയുന്ന പോലെ ഉമാദേവി ടീച്ചർ ആണ് മൂത്ത ചേച്ചി, ദുബൈയിൽ ഉള്ള രമ സുനിൽ ആണ് ഇളയ ചേച്ചി. രാമനും ടീച്ചറും ഒരിക്കൽ ദുബായിൽ വിസിറ്റിന് വന്നപ്പോൾ ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. ഷെയ്ഖ് സയ്ദ് ഹൈവേയുടെ അപ്പുറം ബുർജ് ഖലീഫയുടെ നേരെ എതിർവശത്തായാണ് അവരുടെ ഫ്ലാറ്റ്.
രാമൻ എന്ന പേര് നേരെ സ്ട്രൈക്ക് ചെയ്യുന്നത് സയൻസ് ലെജൻഡ് സി വി രാമൻ തന്നെ... സർ ചന്ദ്രശേഖരവെങ്കട് രാമൻ. 1930 ലാണ് രാമൻ എഫക്ട് (രാമൻ സ്‌കേറ്ററിങ്) എന്ന വിഷയം അധികരിച്ചു അദ്ദേഹത്തിന് ഫിസിക്സ്ൽ നൊബേൽ സമ്മാനം കിട്ടുന്നത്. രാമനോടൊപ്പം എല്ലാ ഗവേഷണത്തിനും ഒപ്പം ഉണ്ടായിരുന്ന റീസെർച് ഫെല്ലോ കെ എസ് കൃഷ്ണനെയും ഈ അവസരത്തിൽ ഓർക്കുന്നു.
വേറെ ഒരു പേര് വന്നത് സ്റ്റൈലിഷ് ഓപ്പണിങ് ബാറ്റ്സ്മാൻ ആയിരുന്ന വൂർകേരി വെങ്കട് രാമൻ ആണ്. സ്റ്റൈലിഷ് ടെസ്റ്റ് പ്ലേയർ എന്നതിനേക്കാൾ ഡബ്ല്യൂ വി രാമൻ, ഇന്ത്യ കണ്ട ഏറ്റവും മികച്ച കോച്ച് എന്നായിരിക്കും, ഇനിയുള്ള കാലം അറിയപ്പെടാൻ പോവുന്നത്. അദ്ദേഹം 2018 മുതൽ ഇന്ത്യയുടെ വിമൻ നാഷണൽ ക്രിക്കറ്റ് ടീമിന്റെ ഹെഡ്കോച്ച് ആണ്.
രാമഭദ്രന്റെ വല്യമ്മയുടെ ഭർത്താവാണ് ആദരണീയനായ മഹാകവി ശ്രീ ഓ എൻ വി കുറുപ്പ്. ജിക്കു ആണ് രാമന്റെ ഓ എൻ വി ബന്ധം ആദ്യം പറഞ്ഞത്. തേർഡ് ഇന്റർവ്യൂന് തിരുവനന്തപുരത്തു രാമനും വിനീഷും ഒന്നിച്ചാണ് പോയത്. തലേദിവസം ഓ എൻ വി യുടെ വീട്ടിൽ താമസിച്ചതും അദ്ദേഹത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതും സംസാരിച്ചതും എല്ലാം ഒരു മഹാഭാഗ്യമായി വിനീഷ് ഓർത്തെടുക്കുന്നു.
ഫൈനൽ ഇന്റർവ്യൂ ആയതുകൊണ്ട് ലാസ്റ്റ് വരുന്ന ഒഴിവുകൾ എല്ലാം അറിയാമല്ലോ. ടി കെ എംൽ ആർക്കിടെക്ചർനു അന്ന് സീറ്റ് ഒഴിവുണ്ടായിരുന്നു. എന്നാലും സിവിൽ മതി, അതും ചേച്ചി പാലക്കാട് ഉള്ളത് കൊണ്ട് എൻ എസ് എസ് മതി എന്ന തീരുമാനമാണ് രാമൻ എടുത്തത്. പ്രിയ സതീർഥ്യനെ പിന്തുടർന്ന് വിനീഷും...
പാലക്കാട്ട് ആദ്യം ചേച്ചിയുടെ ഒപ്പമാണ് അവൻ താമസിച്ചത്.. കൊപ്പത്ത്. രാവിലത്തെ ബസ് യാത്രയിലൂടെ സിറാജുമായി അടുത്തു. അതിനു ശേഷം അകത്തേത്തറയിൽ ഒരു കുടുസു മുറിയിൽ രാമനും വിനീഷും വീർപ്പുമുട്ടി കുറച്ചു കാലം കഴിച്ചുകൂട്ടി. രണ്ടാം വർഷം ആണ് ഹേമാംബിക നഗർ സ്‌കൂളിന്റെ സമീപം എൻ എസ്എസ് കരയോഗത്തിന്റെ ഹോസ്റ്റലിലേക്ക് രണ്ടു പേരും മാറുന്നത്. അവിടെ പിന്നെ രവിലാൽ, രവിചന്ദ്രൻ, സുമേഷ്, ഇലക്ട്രിക്കലിലെ സാം മാത്യു, വിജയകൃഷ്ണൻ, അവസാന വർഷം വിവേക് എന്നിവരും അന്തേവാസികൾ ആവുന്നു.
വേറൊരു ക്ലോസ് ഫ്രണ്ട് സുരേന്ദ്രനാണ്. കോഴ്സിന് ശേഷവും അവർ ഡൽഹി, പുണെ, ബംഗളൂരു എന്നിവിടങ്ങളിലെല്ലാം കണ്ടുമുട്ടിയിട്ടുണ്ട്. തന്നെ പോലെയല്ല .. രാമൻ ഒരുപാട് ഇരുത്തംവന്ന പേഴ്‌സണാലിറ്റി ആണ് എന്നാണ് സുരേന്ദ്രന്റെ സ്മരണ. ഷംസുവും അവന്റെ നല്ലൊരു സുഹൃത്താണ്.
കോളേജ് ജീവിതത്തിൽ സുമേഷിന് ഓർക്കാനുള്ള ചുരുക്കം ചില മുഖങ്ങളിൽ ഒന്നാണ് രാമൻ. സുമുഖനും സുന്ദരനും ആയ ഒരു ജന്റിൽമാൻ. നടത്തത്തിലും സംസാരത്തിലും പെരുമാറ്റത്തിലും കാണാവുന്ന ഡിഗ്നിറ്റി & ക്‌ളാസ്. വിനീഷ് പറയുന്നത് ഈ വിശേഷതകൾ രാമന്റെ അച്ഛനിൽ നിന്നും പകർന്നു കിട്ടിയ വരദാനം എന്നാണ്.
പ്രഥമദൃഷ്ട്യാ സീരിയസ് ആയി തോന്നാമെങ്കിലും തമാശയും ചിരിയും ഒക്കെ ഇഷ്ടപെടുന്ന അടുത്ത സുഹൃത്തായി രാമൻ പെട്ടെന്ന് തന്നെ പരിണമിക്കും. കോഴ്സിന് ശേഷം അധികം കാണാൻ ഒന്നും കഴിഞ്ഞില്ലെങ്കിലും ജി ടി ക്ക് കണ്ടപ്പോൾ പണ്ടത്തെ ആ ചുറുചുറുക്കുള്ള സ്നേഹിതൻ തന്നെ ആണിപ്പോളും രാമൻ... കാണാനും കേൾക്കാനും...
സുമേഷ് ഇത്രയൂം ഓർമ്മകൾ പറഞ്ഞത് വലിയൊരു കാര്യമായി ഞാൻ എടുക്കുന്നു. അത്രയ്ക്കും പ്രിയപെട്ട കൂട്ടുകാരൻ തന്നെ ആയിരിക്കാം അവനു രാമൻ.
സിമ്പിൾ ആൻഡ് ഫ്രണ്ട്‌ലി പേഴ്സൺ, നേരെ ചൊവ്വേ സംസാരം; ടു ദി പോയിന്റ്, ലൂസ് ടോക്ക് ഇഷ്ടമില്ലാത്ത സ്വഭാവം, എപ്പോളും ഊഷ്മളമായ പെരുമാറ്റം, ഹാർഡ് വർക്കിംഗ്, എപ്പോഴും എൻഗേജ്ഡ് ആയിരിക്കുക എന്നീ രാമന്റെ അനവധി ഗുണങ്ങൾ രാവിലാൽ ഓർത്തെടുക്കുന്നു. കോഴ്സിന് ശേഷം കോഴിക്കോട്ട് വെച്ച് അവർ കണ്ടിട്ടുണ്ട്.
പിന്നീട് ബാംഗ്ലൂരിലും അവർ കഴിഞ്ഞ ആറു വർഷമായി സൗഹൃദം പങ്കിടുന്നു. രാമൻ അവന്റെ ജോലി മാറുന്നതിൽ വലിയൊരു മടിയൊന്നും കാണിക്കാറില്ല. രവിലാൽ കഴിഞ്ഞ 20 വർഷമായിഒരേ കമ്പനിയിൽ ഒരേ ജോലിചെയ്യുന്നത് പലപ്പോഴും രാമന് വിശ്വസിക്കാൻ കഴിയാത്ത സംഗതി ആണത്രേ!
എസ് 3 ടൂറിൽ രാമൻ, മനോജ്, സിന്ധു, രതിഭ എന്ന ഒരു കുറു ഗ്രൂപ് ഒരു വഴിക്ക് നടന്നത് മനോജ് ഓർത്തെടുക്കുന്നു. രാമനെ ഓർക്കുമ്പോൾ അവന്റെ ആ നിറഞ്ഞ ചിരിയാണ് എടുത്തു പറയേണ്ടത്. അവൻ ഹെൽപ്ഫുൾ, കോപ്പറേറ്റീവ് എല്ലാം ആയിരുന്നു എന്ന് മനോജ് സന്തോഷപൂർവം സ്മരിക്കുന്നു. രാമൻ ഒരിക്കൽ മനോജിന്റെ വീടിനടുത്തുള്ള ഒരമ്പലത്തിൽ വന്ന സമയത്ത് അവന് കാണാൻ കഴിയാതെ പോയ ഒരു ഓർമ കൂടി പങ്കുവെച്ചു.
രാമനും വിനീഷും ഇരട്ടക്കുട്ടികൾ ആയിരുന്നു എന്ന് മണി ജയസൂര്യ ചിരിയോടെ... ഉമ ടീച്ചറുടെ അനിയൻ ആയതു കൊണ്ടുമാത്രം മണി തല്ല് കൂടാത്ത ഏക വ്യക്തി രാമനാണ്. അടക്കവും ഒതുക്കവും അച്ചടക്കവും ഉള്ള ഒരു പാവം പയ്യൻ. പ്രകാശന്റെ കോഴിക്കോട് ട്രെയിൻ യാത്രകളിൽ ചിലപ്പോളൊക്കെ അവനും ചേർന്നു. രണ്ടു വർഷം മുൻപ് കോഴിക്കോട് വെച്ച് അവനെയും കുടുംബത്തെയും കണ്ടതും കുറച്ചു നേരം സംസാരിച്ചതും മണി ഓർക്കുന്നു.
ഞാൻ ഇത്രയും എഴുതിയതിനേക്കാൾ നീണ്ടതാണ് വിനീഷ് പങ്കുവെച്ച രാമൻ സ്മരണകൾ. മണി പറഞ്ഞ “ഇരട്ടക്കുട്ടികൾ" എന്ന ഉപമ ഒരു അതിശയോക്തി അല്ല എന്നെനിക്ക് പൂർണബോധ്യമായി. അത്രക്കും ദൃഢമാണ് അവരുടെ സുഹൃദ്ബന്ധം.
പ്രീ ഡിഗ്രി സമയത്ത് പ്രൊഫസർ സുദർശൻ സാറിന്റെ അടുത്ത് ട്യൂഷൻ ക്ലാസ്സിലാണ് വിനീഷ് രാമനെ ആദ്യമായി കാണുന്നത്. അന്ന് രാമൻ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് ടു ആയിരുന്നു.
പിന്നീട് കരയോഗം ഹോസ്റ്റൽ വരെ നമ്മൾ വന്നല്ലോ. അവിടെയാണ് വിനീഷ്, രാമൻ സൗഹൃദംസുദൃഢമാവുന്നത്. രാമൻ നല്ലൊരു സംഗീതപ്രേമിയാണ്. അവനന്നൊരു വാക്മാൻ ഉണ്ടാർന്നു. പഠിക്കുമ്പോൾ പോലും അതിൽ പാട്ടും വെച്ച് ഇരിക്കുക അവന്റെ പതിവായിരുന്നു.
കിഷോർ കുമാറിന്റെ പാട്ടുകൾ ആണ് ഇന്നും രാമന്റെ ഫേവറിറ്റ്. ഇടക്കൊക്കെ വിനീഷും അവന്റെ വാക്മാൻ യൂസ് ചെയ്‌തു. അങ്ങനെയാണ് വിനീഷ് കിഷോർദായുടെ പാട്ടുകൾ ആദ്യം കേൾക്കുന്നത് എന്ന് പറഞ്ഞത് തെല്ലൊരു കൗതുകത്തോടെ ആണ് ഞാൻ അറിഞ്ഞത്. പിന്നീട് വിനീഷിന്റെ കിഷോർ ഹിറ്റ്‌സ് നമുക്കിടയിൽ പ്രശസ്തമായല്ലോ.
രാമൻ അവന്റെ പുതിയ ഷർട്ടുകൾ പോലും വിനീഷിന് ധരിക്കാൻ കൊടുത്തിരുന്നു... ഓക്സംബർഗിന്റെ പച്ചയും കറപ്പും നിറത്തിലുള്ള ഒരു ഷർട്ട് വിനീഷായിരിക്കും അധികം അണിഞ്ഞിട്ടുണ്ടാവുക. ദുബായിലെ ചേച്ചി അവന് നല്ല ടി ഷർട്ടുകൾ അയക്കുമായിരുന്നു അതിൽ പലതും വിനീഷാണ് ധരിച്ചത്. സ്വന്തം സുഹൃത്തിന്റെ കഷ്ടപ്പാടുകൾ അവൻ പറയാതെ തന്നെ മനസ്സിലാക്കി സഹായിക്കാനുള്ള അതിവിശേഷമായ ഒരു നന്മ രാമനുണ്ടായിരുന്നു.
കോഴിക്കോട് മാങ്കാവിലെ രാമനിലയത്തിൽ പലപ്പോഴും വിനീഷ് പോയിട്ടുണ്ട്.. കംബൈൻഡ് സ്റ്റഡിക്കും അല്ലാതെയും. ആ സന്ദർശനങ്ങളിലൂടെ രാമന്റെ അച്ഛനുമായി ഒരു ആത്മബന്ധം സ്ഥാപിക്കാൻ വിനീഷിനായി. അച്ഛൻ എൽ ഐ സി യിൽ ആയിരുന്നു. അച്ഛന്റെ ഒരു നേർപതിപ്പ് ആണ് രാമൻ എന്ന് പറഞ്ഞല്ലോ. “നീ ഒരിക്കൽ നല്ല നിലക്കെത്തും” എന്ന് കാണുമ്പോഴൊക്കെ വിനീഷിനോട് അച്ഛൻ പറഞ്ഞിരുന്നു.
രണ്ടു വർഷം മുൻപ് രാമന്റെ അച്ഛൻ അന്തരിച്ചു. ഭൗതിക ശരീരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ രാമന്റെ തേങ്ങലിനോടൊപ്പം വിനീഷിനും തന്റെ ദുഃഖം അടക്കാൻ കഴിഞ്ഞില്ല. വിനീഷിന്റെ ആ വാക്കുകൾ ശ്രവിച്ചപ്പോൾ ഒരേങ്ങൽ എനിക്കും ഉണ്ടായി എന്ന അനുഭവം ഇവിടെ കുറിക്കുന്നു.
അനവധി സിനിമകൾ രാമനോട് ഒന്നിച്ചു കണ്ടതും കുറെ സ്ഥലങ്ങൾ പോയി കണ്ടതും ഒക്കെ ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭങ്ങൾ ആണെന്ന് വിനീഷ്. സ്‌പൊണ്ടേനിയസ് ജോക്സ് പറയാനും രാമൻ കേമനാണ്. എല്ലാറ്റിനുമുപരി ഒരു റിലയബിൾ, ഡിപെൻഡബിൾ ഫ്രണ്ട്... കൂടപ്പിറപ്പ് തന്നെ...
കരയോഗം ഹോസ്റ്റലിലെ ആദ്യത്തെ ബാച് ആയിരുന്നു ഇവർ. പിന്നെ വന്നവരെല്ലാം ജൂനിയേഴ്‌സ്ആയിരുന്നു. അവർക്കൊക്കെ രാമേട്ടൻ പ്രിയങ്കരനാണ്. ഒരാൾക്കും ഒരു ലവലേശം പോലും നെഗറ്റീവ് പറയാൻ ഇല്ലാത്ത കളങ്കമില്ലാത്ത വ്യക്തിത്വം... ആരെക്കുറിച്ചും രാമനും നല്ലതു മാത്രമേ പറയാനുള്ളൂ.
ഫസ്റ്റ് ഇയറിലെ കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ രാമൻ നല്ല മാർക്ക് നേടി. അന്ന് തന്നെ കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അവനൊരു മേൽകൈ ഉണ്ടാർന്നു. കോഴ്സ് കഴിഞ്ഞു ഒന്നര വർഷം ഭഗീരഥ കൺസ്ട്രക്ഷനിൽ ജോലി ചെയ്തു... നർമദാ കനാൽ ലൈനിങ് പ്രൊജക്ടിൽ ബറോഡക്ക് 50 കി മി അകലെ; പിന്നെ അവരുടെ ഡൽഹിയിലുള്ള കോർപ്പറേറ്റ് ഓഫീസിൽ.
രാമനും ശ്രീരാമകൃഷ്ണനും ആയിരുന്നു കോഴ്സ് കഴിഞ്ഞ ഉടനെ ഭഗീരഥയിൽ ജോയിൻ ചെയ്തതു്. കളമശ്ശേരി പ്രൊഡക്റ്റിവിറ്റി കൗൺസിലിലും വരാപ്പുഴ സൈറ്റിലുമായുള്ള ട്രെയിനിങ് കാലത്ത് ഒരുമിച്ചായിരുന്നു. പിന്നെ രാമൻ ബറോഡയിലേക്കും ശ്രീ ഫറോക്കിലേക്കും... ഫറോക്കിലുണ്ടായിരുന്ന കാലത്താണ് ശ്രീ, രാമന്റെ വീട്ടിൽ പോയതും, അച്ഛനെ പരിചയപ്പെട്ടതും.
അവന്റെ കംപ്യൂട്ടിങ്ങിലുള്ള താൽപര്യം സിവിൽ മാറി ഐ ടി യിലേക്കുള്ള പന്ഥാവ് തുറന്നു. ഇഷ്ടമുള്ളത് ചെയ്യുന്നത് പ്രയത്നത്തെ ലഘൂകരിക്കും എന്ന ചിന്താഗതി കുറെയൊക്കെ ശരിയാണല്ലോ. അതുതന്നെ ആവാം അവൻ പുതിയ മേഖല തിരഞ്ഞെടുത്തത്. മൈട്ടെൽ എന്ന ഒരു കാനേഡിയൻ ടെലികോം കമ്പനിയിൽ ആണ് രാമൻ ഇപ്പോൾ; ബാംഗ്ളൂരിൽ.
രാമന്റെ ഭാര്യ മണ്ണൂത്തിയിൽ നിന്നുള്ള ദിവ്യ. അവർക്കൊരു മോൾ ഗൗരി ഇപ്പോൾ പ്ലസ് 2 ചെയ്യുന്നു, അടുത്ത വർഷത്തെ എൻട്രൻസിനുള്ള തയ്യാറെടുപ്പും കൂടെ നടക്കുന്നു.
ഇനി എന്റെ ഓർമ്മകൾ ... കോളേജ് കാലത്തു അവൻ ഇട്ടിരുന്ന (വിനീഷും) ടി ഷർട്ടുകളുടെ കടും നിറങ്ങളും ഡിസൈനുകളും വിനീഷ് പറഞ്ഞപ്പോൾ ഞാൻ ഓർത്തെടുത്തു. വേറെ വിശേഷമായി ഒന്നും ഓർമയില്ല. മണിപറഞ്ഞ പോലെ നമുക്കെല്ലാം ആരാധ്യയായ ഉമടീച്ചറുടെ അനിയൻഎന്ന സ്നേഹം എന്നുമുണ്ടായിരുന്നു.
പിന്നീട് നമ്മുടെ 2014 ജി ടി ക്കുള്ള കോർ ടീമിൽ കോളേജ് അഫയേർസ് ഭാഗം കൈകാര്യം ചെയ്യാൻ രാമൻ അല്ലാതെ വേറെ ആരെയും നമുക്ക് ഓർക്കാനില്ലായിരുന്നു. അതോടൊപ്പമുള്ള മെസേജുകൾ ആണ് രാമനെ അടുത്തറിയാനുള്ള അവസരം എനിക്കുണ്ടാക്കിയത്.
രാമഭദ്രൻ എന്ന പേര് ഓർത്തപ്പോൾ ചെറിയൊരു പ്രാസം പോലെ വന്ന സിനിമ പേരാണ് അനന്തഭദ്രം. മനോജ് കെ ജയന്റെ അഭിനയ ജീവിതത്തിലെ നല്ലൊരു വേഷമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചത്. ലോകപ്രശസ്ത സിനിമാറ്റൊഗ്രാഫർ സന്തോഷ് ശിവന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്. പൃഥ്‌വിരാജ്, കാവ്യ, കലാഭവൻ മണി എന്നിവർക്കും വിശേഷ വേഷങ്ങൾ ഉള്ളസിനിമയാണ് അനന്തഭദ്രം.
വെറുമൊരു യുവ നായകനടൻ എന്ന നിലയിൽ നിന്നും നിർമാതാവ്, സംവിധായകൻ എന്ന നിലയിലേക്കുള്ള പൃഥ്‌വിരാജിന്റെ യാത്ര അനുപമമാണ്. ലൂസിഫർ എന്ന ബിഗ് ബഡ്ജറ്റ്, ഹൈ പ്രൊഫൈൽ സിനിമയെ ഇത്രയും വലിയ വിജയത്തിലേക്ക് നയിച്ചത് രാജു എന്ന നിശ്ചയ ദാർഢ്യകാരന്റെ കഴിവാണ്.
അനന്തഭദ്രം ചിത്രത്തിലെ ഹിറ്റായ “പിണക്കമാണോ എന്നോടിണക്കമാണോ..” എന്ന പാട്ട് രാമന്റെ ആത്മസുഹൃത്ത് വിനീഷ് തന്നെ പാടുന്നതാണ് എന്നാണെന്റെ ആഗ്രഹം ! ഒരു ഡെഡിക്കേഷൻ... സൗഹൃദത്തിന്റെ നന്മകൾക്കായി.. നന്മയുള്ള തണലുകൾക്കായി...
ഈ അധ്യായത്തിലെ ഒരു പ്രധാന സവിശേഷത ഇതിൽ സ്മരണകൾ പങ്കിട്ടവരുടെ എണ്ണം തന്നെയാണ്. ഒരു പക്ഷെ രാമന്റെ ആത്മാർത്ഥ സുഹൃത്ത് വിനീഷ് പറഞ്ഞ പോലെ ഒരു നന്മമരത്തിനെ സ്മരിക്കാൻ അതിന്റെ തണലേറ്റവർ എപ്പോഴും ഉണ്ടാവും. പലപ്പോഴും ഇത് വിനീഷിന്റെ അധ്യായമാണോ എന്ന് തോന്നിപ്പോയ നിമിഷങ്ങളും ഉണ്ടായി.
അടുത്ത അധ്യായം ബിജു എം ...
സസ്നേഹം എം പി
മസ്കറ്റ്
18 ഏപ്രിൽ 2020 : 10:53 pm
Comments
Post a Comment