സുഹൃദ് സ്മരണ > അരുൺ എം | “പെർഫെക്ട്ടെൻ”
ഗൂഡോൾ 96 |
കൊറോണ വൈബ്‌സ് 15 |
അരുൺ എം | “പെർഫെക്ട്ടെൻ” |
പ്രിയരേ
ഇന്ന് വിഷു... എല്ലാർക്കും സമൃദ്ധിയുടെയും മനഃസുഖത്തിന്റെയും ദേഹസുഖത്തിന്റേയും സ്നേഹോഷ്മളമായഒരു വർഷം ആശംസിക്കുന്നു.
ഓണം, തിരുവാതിര, ക്രിസ്മസ്, പെരുന്നാൾ, മുതലായ ആഘോഷങ്ങൾ ഒക്കെ ഉണ്ടെങ്കിലും കുട്ടിക്കാലം മുതലേവിഷുക്കാലം പ്രത്യേകിച്ചും പ്രിയപ്പെട്ടതാണ്. അതെ വിഷുദിനമല്ല... വിഷുക്കാലമാണ്...
അതൊരുപക്ഷേ വാർഷിക പരീക്ഷകൾ കഴിഞ്ഞു സ്കൂളെല്ലാം വേനൽ അവധിക്ക് പൂട്ടിയിട്ടുള്ള കാലത്തുവരുന്നതുകൊണ്ടാവാം, പലപ്പോഴും ബാല്യകാലസുഹൃത്തുക്കളുടെ കൂടിച്ചേരൽ നടക്കുന്നത് കൊണ്ടാവാം, തൊടിമുഴുവൻ ചക്കയും മാങ്ങയും ഉള്ളത് കൊണ്ടാവാം, കൊന്നമരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹാരിതകൊണ്ടാവാം, പുതിയ കുപ്പായങ്ങൾ കിട്ടുന്നത് കൊണ്ടാവാം, വിഷുക്കണി കാണുന്ന അനുപമമായ ആചാരം ഉള്ളത്കൊണ്ടാവാം, കൈനീട്ടം കിട്ടുമെന്നുള്ള ശുഭാപ്തി വിശ്വാസം കൊണ്ടാവാം, മനസ്സുനിറയെ പടക്കങ്ങളുംപൂത്തിരികളും കത്തിച്ചു ആഘോഷിക്കുന്നത് കൊണ്ടാവാം.... അങ്ങനെ അങ്ങനെ വിഷുക്കാലത്തിനുഅതിന്റേതായ പ്രത്യേകതകൾ അനവധിയാണ്.
അരുൺ എം... എന്റെ പ്രിയപ്പെട്ട സുഹൃത്ത്. നാലുവർഷം ബെഞ്ച് മേറ്റ്... എന്നെ സ്വാധീനിച്ച സുഹൃത്ത്. അവനറിയാതെ യൂവിഎസ് എന്ന പ്രീഫിക്സ് അവന്റെ പേരിന് വന്നു.. “ഏതരുണാ?... യുവിഎസ് അരുൺ”...!! യു വി എസ് ലോഡ്ജിന്റെ ചേച്ചിക്ക് പോലും അരുൺ അതിന്റെ ഓണർ പോലെ തോന്നിയാൽ അത്ഭുതപ്പെടാനില്ല. യൂ വി എസിന്റെ എല്ലാമായിരുന്നു അരുൺ.. തുടക്കം മുതൽ!
ഒന്നാം വർഷത്തെ സ്ഥാന ചലനങ്ങളൊക്കെ ഒരു വിധം നിന്നപ്പോൾ; ക്ലാസ്റൂമിലെക്കു കടക്കുമ്പോൾ ആദ്യത്തെവരിയിലെ അവസാന ബെഞ്ചിലെ മൂന്നുപേർ ഫിക്സ് ആയി... ജിയോ, അരുൺഎം പിന്നെ ഞാനും.
ക്ലാസ്സിൽ എല്ലാർക്കും അവൻ നിശ്ശബ്ദനായ സ്റ്റുഡന്റ് ആയി തോന്നിയെങ്കിലും ജിയോ അത് സമ്മതിക്കില്ല. കാരണം അരുണിന്റെ പമ്മിയുള്ള, പലപ്പോഴും സോഫ്റ്റ് തെറിയോടുകൂടിയുള്ള കമന്റ് എപ്പോൾ വരുമെന്ന്പറയാൻ പറ്റില്ല.
പലപ്പോഴും ചിരിയടക്കാൻ പാടുപെടുന്ന ജിയോനെ ഈയറ്റത്തിരുന്നു എനിക്ക് കാണാം... “എന്താടാ നീയവനോട്പറഞ്ഞേ...” ഞാൻ അരുണിനോട് ചോദിക്കും.. “പിള്ളാര് അവിടെ അടങ്ങി ഇരുന്നാ മതി കെട്ടാ.. അങ്ങോട്ട്ഒള്ളതു വരുമ്പം പറയാം”... ഇതാണ് അരുൺ...
ജിയോനെ ചിരിപ്പിച്ചു കൊല്ലുമ്പോഴും അരുണിന്റെ മുഖം നിർവികാരമായ ഒരു കല്ലുപോലെ ഇരിക്കും... അത്കാണുമ്പോൾ വീണ്ടും ചിരി... ചിരിയോചിരി...
ഇത്രയും നടക്കുന്ന കോലാഹലമൊന്നും തൊട്ട് മുന്നിലിരിക്കുന്ന നാരായണനോ, ബിജുവോ, ജിക്കുവോ പോലുംചിലപ്പോൾ കേൾക്കില്ല, പിന്നല്ലെ ടീച്ചേർസ്... അങ്ങനെ ബോറൻ ക്ലാസുകൾ എന്നൊന്നു ഞങ്ങൾക്ക്ഇല്ലായിരുന്നു.
അങ്ങനെ ഒക്കെ ആണെങ്കിലും ഒരു ടീച്ചറും മാഷും ഞങ്ങളുടെ ബെഞ്ചിന് അടുത്തേക്ക് വന്നിട്ടില്ല എന്നതിന്കാരണവും അരുൺ ആയിരിക്കാം എന്ന് ജിയോ പറയുന്നു.. അരുണിനെ കാണുന്ന ഒരാൾക്ക് “ഇവനാരെടാ ഈഭീകരൻ“ എന്നൊരു ആളൽ ഉള്ളിൽ ഉണ്ടാവും. കൗശലക്കാരനായ ഒരു കുറുക്കന്റെ നോട്ടം..
നമ്മളിൽ പലർക്കും അങ്ങനെ തന്നെയാണ് ആദ്യം അരുണിനെ പറ്റി തോന്നുക. പിന്നീട് അവനോടു കൂടുതൽഅടുക്കുമ്പോൾ അറിയും ഇവൻ ബാലരമയിലെ സൂത്രനേക്കാൾ തമാശക്കാരനും നല്ലവനും സഹാനുഭൂതിനിറഞ്ഞവനും ആണെന്ന്.
വീണ്ടും യു വീ എസിലേക്ക് വരുമ്പോൾ.. അവിടത്തെ ഒരു മുടിചൂടാമന്നൻ തന്നെ ആയിരുന്നു അരുൺ. സീനിയേഴ്സ് ആയാലും ഗസ്റ്റുകൾ ആയാലും പുതിയ താമസക്കാർ ആയാലും യാതൊരു ചമ്മലും കൂടാതെഅങ്ങോട്ട് കേറി പരിചയപ്പെടുന്ന വക്തിത്വം. മാമൻ, അണ്ണൻ, കിഷ്നി അങ്ങനെ സീനിയേഴ്സിനെല്ലാം അവനെജീവനായിരുന്നു. കാരണം പലതാണ്.
ആ കാലത്തു ട്രെൻഡി ആയിട്ടുള്ള എല്ലാവിധ ഷർട്ടും പാന്റ്സും അവനുണ്ടായിരുന്നു. ഷൂകളും അനവധി. എല്ലാആഴ്ചയും വീട്ടിൽ നിന്നും അമ്മ വസ്ത്രങ്ങളെല്ലാം അലക്കി തേച്ചു കൊടുത്തയക്കും. സാധാരണ ഞായറാഴ്ചരാത്രി തന്നെ മടങ്ങി എത്തും.
ഇനി തിങ്കളാഴ്ച രാവിലത്തെ ഒരു സീൻ... അത്യാവശ്യം നല്ല പുകവലി ശീലം ഉണ്ടായിരുന്നത് കൊണ്ട്എല്ലാരുടെയും ടേൺ കഴിഞ്ഞാണ് അവൻ ബാത്ത് റൂമിൽ കേറുക. കുളിയും അവന്റെ സിഗ്നേച്ചർ മുടി ഒതുക്കലുംഒക്കെ കഴിഞ്ഞു ഡ്രസ്സ് എടുക്കാൻ വേണ്ടി ബാഗ് തുറക്കും. കമ്പ്ലീറ്റ് കാലി ... അവനു ടെൻഷൻ ആവും. ഇനിയിപ്പോഅമ്മ മറന്നു പോയോ.. ഹേയ് അങ്ങനെ ആവില്ല.
അവൻ പതുക്കെ പമ്മി പമ്മി പുറത്തു വരും... ബാക്കി ഏഴ്-എട്ടു വേന്ദ്രന്മാർ എല്ലാം റെഡി... കുളിച്ചു കുട്ടപ്പന്മാരായിപുതിയ അലക്കി തേച്ച ഡ്രെസ്സെല്ലാം ഇട്ടു... ചെത്ത് സ്റ്റൈൽ ഷൂസെല്ലാം ഇട്ടു... മന്ദസ്മിതത്തോടെ.. എല്ലാരുംഅരുണിന്റെ വേഷങ്ങളിൽ അരുണിനെ കാത്തു നിൽക്കുന്നു! എടാ പന്.... അടുത്ത വീട്ടിലെ ചേച്ചി ചെടികൾക്ക്വെള്ളം ഒഴിച്ചു കൊടുക്കുന്നത് കണ്ട അരുൺ അവന്റെ നാവടക്കി റൂമിലേക്ക് തിരിച്ചോടുന്നു.
കഴിഞ്ഞാഴ്ച ഇട്ടു പഴകിയ ഷർട്ടും പാന്റും ബാത്‌റൂമിൽ ഇടുന്ന പാരഗൺ ചെരുപ്പും ധരിച്ചു അരുണും നടക്കുംഎല്ലാരുടെയും പിന്നിലായിട്ട്. അപ്പോഴും അവരവനെ വിടില്ല... “കണ്ടോടാ... ഇട്ടു തേഞ്ഞ റബ്ബർ ചെരുപ്പും പുളിച്ചുനാറിയ ഷർട്ടും... അയ്യേ... അയ്യയ്യേ“... അപ്പോഴും അരുൺ ചിരിച്ചു കൊണ്ട് തിരിച്ചു പറയും... “അയ്യേ” ... ഇത്രയൊന്നും സഹിക്കാനുള്ള ശക്തി ... സത്യം പറയാമല്ലോ ... ഇപ്പോഴാണെങ്കിലും എനിക്കില്ല...
വേറെ ഒരു രസകരമായ സംഭവം ഹരീഷ് ഓർത്തെടുക്കുന്നത് ഒരു ഏപ്രിൽ ഫൂൾ നാടകം ആണ്... യു വി എസിലെമച്ചാന്മാർ എല്ലാരും കൂടെ ഒരു കോലം ഉണ്ടാക്കി ഷർട്ടും പാന്റും ഷൂസും ഒക്കെ ധരിപ്പിച്ചു എൽ എച്ചിന്റെമുൻപിലുള്ള മരത്തിൽ കെട്ടിത്തൂക്കി. സംഭവം കളർ ആയെങ്കിലും കോലത്തിന്റെ ഷൂ അരുണിന്റെ പുത്തൻ ഷൂആയിപ്പോയി. അവനു ദേഷ്യം വന്നത് സ്വാഭാവികം...
അണ്ണന്മാർ എല്ലാരും കൂടെ അന്ന് രാത്രി മരത്തിൽ കേറി കോലത്തിന്റെ ഷൂ അഴിച്ചു തിരിച്ചു ചാടിയത് എൽ എച്വാർഡന്റെ മുൻപിലേക്ക്. അങ്ങനെ അരുണിന് വേണ്ടി ജീവൻ പോലും തൃണവദ്ഗണിക്കാനും സുഹൃത്തുക്കൾതയ്യാറായി എന്ന് ചരിത്രം !
ഞാനും അവന്റെ ഷർട്ട് യൂസ് ചെയ്തിട്ടുണ്ട്... ചെറിയ ഒരു എംബ്രോയിഡറി പൂവോടു കൂടിയ വെള്ള ഷർട്ട്. അത്ആദ്യമായിട്ട് കൊണ്ട് വന്ന ദിവസം എനിക്ക് കാണിച്ചു തന്നു. എന്തോ എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻപറഞ്ഞു.. “എടാ... എനിക്ക് ഈ ടൈപ്പ് ഷർട്ടൊന്നുമില്ല..” എന്തോ എന്റെ കണ്ണിലെ തിളക്കം കണ്ടിട്ടാണാവോ... “നിനക്കിഷ്ടായോ... എങ്കി നീ ഇട്ടോ... അലക്കി തിരിച്ചു തന്നാ മതി...” അങ്ങനെ ആദ്യമായി ഞാൻ ആ ഷർട്ടിട്ടു. അതിലൊന്നും അവന് ലവലേശം അനിഷ്ടം ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. പിന്നെയും ഒരു മാസംകഴിഞ്ഞാണ് ഞാൻ ആ ഷർട്ട് തിരിച്ചു കൊടുത്തത്.
വസ്ത്രങ്ങളും ഷൂസും മാത്രമല്ല... സഹായം ചോദിച്ചവർക്ക് അവൻ പൈസയും കൊടുത്തിട്ടുണ്ട്... എനിക്കുംപലപ്പോഴും... 2014 ജി ടി കണ്ടപ്പോൾ ഞാൻ പറഞ്ഞു .. “എടാ.. എസ് 8 പരീക്ഷ കഴിഞ്ഞു നാട്ടിൽ പോവുന്നതിനുമുൻപ് നിന്റെ അടുത്ത് നിന്ന് വാങ്ങിയ 250 രൂപ ഇനിയും ഞാൻ തിരിച്ചു തന്നിട്ടില്ല...” അവന്റെ മറുപടി... “എന്നാഇപ്പ എടുത്തോടാ ഞാൻ വാങ്ങിക്കും...”
അവനു നല്ല കനത്തിലൊരു സ്വർണ ചെയിൻ ഉണ്ടാർന്നു ... യൂ വി എസ് പരിസരത്തെ ഒരാൾക്ക് പെണ്ണുകാണാൻപോവുമ്പോൾ സ്വർണം ഒന്നുമില്ലല്ലോ എന്ന് പറഞ്ഞു അവന്റെ ആ മാല ഊരികൊടുക്കാനും മടി കാണിച്ചില്ല.
യു വി എസ് മാത്രമല്ല... മിലി, ഗോകുലം, അർച്ചനാ നിവാസ്, ആ പരിസരത്തുള്ള വേറെ ലോഡ്ജുകൾ, സാനഡുചന്ദ്രേട്ടൻ, അവിടത്തെ ജീവനക്കാർ, അങ്ങനെ എല്ലാരും അരുണിന്റെ സ്വന്തം. പലരും അവന്റെ സിഗരറ്റ്-മേറ്റ്സ്ആണ്. ഒരു പ്രത്യേക സ്റ്റൈലിൽ സിഗരറ്റ് വലിക്കുന്നതും പുകയുടെ പലവിധമുള്ള അഭ്യാസങ്ങളും അവനുനിഷ്പ്രയാസം ചെയ്യാൻ കഴിഞ്ഞിരുന്നു.
ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട്.. ഇങ്ങനെ ഒക്കെ വലിച്ചാൽ ഇവന്റെ ആരോഗ്യം പോവില്ലേ എന്ന്.. ആത്മാർത്ഥസുഹൃത്തിനോടുള്ള ഒരു അനുകമ്പ തന്നെ ആയിരുന്നു അത്. പക്ഷെ അവൻ നമ്മളെ ഒക്കെവെല്ലുന്ന മട്ടിൽ സ്റ്റാമിനയുമായി ക്രിക്കറ്റും ഫുട്ബാളും കളിക്കുമ്പോൾ ശരിക്കും അന്തം വിട്ടു നിന്നിട്ടുണ്ട്.
മണിക്കും അരുണിനെ ആദ്യം വലിയ ശങ്ക ആയിരുന്നു. ഒരു കച്ചറ സാധനം.. മുരടൻ.. എന്നൊക്കെയാണ് അവനുതോന്നിയത്. പിന്നീട് നമ്മൾ കൊച്ചിയിൽ ഫീൽഡ് വിസിറ്റിനു പോയപ്പോൾ അവന്റെ വീട്ടിൽ കയറിയപ്പോൾ ആണ്മണി അവനുമായി കൂടുതൽ അടുക്കുന്നത്. ഒരു പാവം മനുഷ്യൻ.. സൗഹൃദത്തിന് വേണ്ടി ഏതറ്റവും പോവുന്നനല്ല മനസ്സ് ... സഹാനുഭൂതി എപ്പോഴും മനസ്സിലേറ്റി ജീവിക്കുന്നവൻ.. ആഷിക്കിന്റെ വേർപാടിൽ എന്ത്സഹായവും ചെയ്യാം എന്നും പറഞ്ഞു അവൻ വിളിച്ചത് മണി ഓർക്കുന്നു.
ഇത്രയൊക്കെ ആണെങ്കിലും പെങ്കുട്ട്യോളോട് സംസാരിക്കാൻ അരുണിന് മടിയായിരുന്നു. ആ ബലഹീനതആദ്യമേ മനസ്സിലാക്കിയ അരുണിനെ അതിന്റെ പേരും പറഞ്ഞു നാല് വർഷവും പലരും കളിയാക്കി. പ്രൊജക്റ്റ്മേറ്റ് ആയ ആശ പോലും പറയുന്നു... അരുണുമായി അധികം ഇന്റെറാക്ഷൻസ് ഉണ്ടായിട്ടില്ലല്ലോ...
കൊള്ലാഷിൽ ചീനവലകൾ ഉള്ള ഫോട്ടോ വെച്ചപ്പോൾ ചില നാരദർ വിചാരിച്ചു... അവനെ പലരും വിളിച്ചുനടന്നിരുന്ന വിളിപ്പേരുകൾ ബന്ധപ്പെടുത്തിയാണോ എന്ന്... അവരുടെ ജയസൂര്യ ചിരി വേണ്ട... കാരണംഅതല്ല...
അരുൺ 100% ... അല്ല 200% ഒരു കൊച്ചിക്കാരൻ ആണ്. സംസാരത്തിലും, സംസ്കാരത്തിലും, ഭാഷയിലും, നടപ്പിലും, നടത്തിപ്പിലും,, പെരുമാറ്റത്തിലും, അങ്ങനെ എല്ലാ വിധത്തിലും യഥാർത്ഥ കൊച്ചിക്കാരൻ. അതിൽഅവനു നിഷ്കളങ്കമായ അഭിമാനവും ഉണ്ടായിരുന്നു. അതാണ് ആ ചിത്രത്തിന്റെ പൊരുൾ !
അവന്റെ അച്ഛൻ പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി റിട്ടയർ ചെയ്തു. അറിയപ്പെടുന്ന ഒരുഹോമിയോ ഡോക്ടറും ആണദ്ദേഹം. അമ്മ ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ ആയിരുന്നു. ഒരനിയത്തി ബിന്ദുനമ്മുടെ ജൂനിയർ ആയി സിവിലിൽ തന്നെ പഠിച്ചിരുന്നു. ഇപ്പോൾ അവൾ മുംബൈയിലാണ്.
സിവിൽ ഡിപ്ലോമക്ക് ശേഷം ആണ് അരുൺ ബി ടെക്കിനു ചേരുന്നത്. നല്ലൊരു സ്റ്റുഡന്റ് കൂടി ആയിരുന്നുഅവൻ. ഡിപ്ലോമ ചെയ്തതുകൊണ്ട് സിവിൽ വിഷയങ്ങൾ എല്ലാം അവനു ഈസി ആയിരുന്നു... പ്രത്യേകിച്ചുംസർവ്വേ. ഞാനും, ഹരീഷും, ബോബിയും ഒക്കെ അവനിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
കോഴ്സിന് ശേഷം അവൻ എന്തായാലും, എങ്ങനെ എങ്കിലും വല്ല ഡിപ്പാർട്മെന്റിലും കേറി അച്ഛനെ പോലെപെട്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവും എന്നാണു ഞാനും ഹരീഷും ഒക്കെ വിചാരിച്ചതു. അവൻ സി-ഡാക് ന്റെ ഒരു സോഫ്ട്‍വെയർ കോഴ്സ് ചെയ്തു എന്നാണു ഓർമ. അതിനു ശേഷം അറിയുന്നത് നെസ്റ്റ് എന്നകമ്പനിയിൽ സോഫ്ട്‍വെയർ എഞ്ചിനീയർ ആയി കൊച്ചിയിലും പിന്നെ ബംഗളൂരും ജോലി ചെയ്യുന്നതാണ്. അങ്ങനെ ഒരു ചേഞ്ച് ഓവർ തീർത്തും അപ്രതീക്ഷിതം എന്ന് തന്നെ പറയാം.
ഇപ്പോൾ അവൻ കേപ്പ്ജെമിനി യിൽ ബാംഗളൂരിൽ ജോലി എടുക്കുന്നു. ഭാര്യ സുജ... മൂന്നു മക്കൾ. സുജയുംമക്കളുമായി അവൻ 2014 ജി ടിക്കും പങ്കെടുത്തു.
2000-ത്തിലാണെന്നു തോന്നുന്നു... അരുൺ ഒരിക്കൽ ദുബായ് വന്നിരുന്നു... അന്ന് ഞാൻ കടലിലേക്ക് തകർന്നുവീഴാനായി മാത്രം വാലിന് തീ കൊളുത്തിയ റോക്കറ്റ് പോലെ ദുബായിലെ മണൽത്തരികളോട് ശപിച്ചു ജീവിതംതള്ളിനീക്കുന്ന കാലം... അവൻ എന്നെ വിളിച്ചെങ്കിലും എനിക്കവനെ അഭിമുഖീകരിക്കാൻ എന്തോ വിഷമംഉണ്ടായ പോലെ... “എടാ ഞാൻ വിളിക്കാം ട്ടോ" എന്നും പറഞ്ഞു ഞാൻ കാൾ നിർത്തി. അവനുംമനസ്സിലായിക്കാണും എന്റെ ദുബായിലെ ദുഃഖാചരണം... !!
അവൻ പിന്നീടെപ്പോഴോ അവിടെ വന്നെങ്കിലും എന്നെ വിളിച്ചില്ല... സ്വാഭാവികം ആണല്ലോ... സൗഹൃദങ്ങളെ മാറ്റിനിർത്തിയിരുന്ന ഒരു കാലവും എനിക്കുണ്ട്... ചെറുതായിരുന്നു എങ്കിലും !
ജോലിക്കായി ബാംഗളൂരിൽ എത്തിയപ്പോൾ അരുണിന്റെ കൂടെ താമസിച്ചത് ഹരീഷ് ഓർത്തെടുക്കുന്നു. അവൻതന്നെ നിർബന്ധിച്ചതാണ് കൂടെ താമസിക്കാൻ. രണ്ടു പേരും ഫാമിലിയും ആ ഊഷ്മളമായ ബന്ധം ഇന്നുംകാത്തു സൂക്ഷിക്കുന്നു. ഇപ്പോളും ഹരീഷും അരുണും ഒന്നിച്ചാണ് കെട്ടുനിറച്ചു ശബരിമലക്ക് പോകാറുള്ളത്.
ഹിന്ദി സിനിമ നടൻ വിവേക് ഒബ്രോയി പലർക്കും അറിയാവുന്ന പോലെ നല്ലൊരു അയ്യപ്പ ഭക്തനാണ്. അരുണിന്റെ ഫേസ്ബുക് പോസ്റ്റിൽ അവന്റെ അച്ഛന്റെ കൂടെ വിവേക് മാലയിട്ടു നിൽക്കുന്ന ഫോട്ടോ കാണാം. ലുസിഫെറിലെ ബിമൽ നായർ എന്ന ആന്റി-ഹീറോ കഥാപാത്രം അവിസ്മരണീയമാക്കിയത് വിവേക് ഒബ്‌റോയ്ആണല്ലോ.
എല്ലാർക്കും ഓർമ കാണാവുന്ന ഒരു കാര്യമാണ് ക്ലാസിൽ അറ്റന്റൻസ് എടുക്കുമ്പോൾ അരുണിന്റെ നമ്പർ “ട്ടെൻ” എന്ന ഒന്നൊന്നര ടെൻ ...! 9 കഴിഞ്ഞു ഒന്ന് പോസ് ആയിട്ടായിരിക്കും, ആ എടുത്താൽ പൊന്താത്ത “ട്ടെൻ” വായുവിൽ അലയടിച്ചുയരുന്നത്.
അത് കേൾക്കുമ്പോൾ നാരായണന് ചിരി പൊട്ടും. അത് ബിജു, ജിക്കു വഴി നിഖിൽ, പിന്നെ മണിയിലെത്തുമ്പോൾജയസൂര്യചിരി ആവുമല്ലോ... അപ്പോൾ “എന്താടാ നെനക്കൊക്കെ ഒരു പുഞ്ഞം...” എന്ന് തന്റെ സ്വതസിദ്ധമായഎറണാകുളം സ്ലാങ്ങിൽ അരുണും... ഇത് കേട്ടതും ഡെസ്കിനടിയിലേക്കു ഊളിയിട്ട് ചിരിക്കാൻ ജ്യോതിഷുംഞാനും... ഇതൊന്നും ഗൗനിക്കാതെ കല്ലുപോലത്തെ മുഖവുമായി അരുണും...
എന്തൊരു ആഹ്ലാദകരമായ കാലമായിരുന്നു അതെല്ലാം... ആദ്യം പറഞ്ഞ ഒരു വിഷുക്കാലം തന്നെ...
ഇതൊക്കെയാണ് എന്റെ പ്രിയ സുഹൃത്ത് “പെർഫെക്ട് ട്ടെൻ” ആയ അരുൺ എം.
ഇനി സഖാവ് രാകേഷ് ജി ..
സസ്നേഹം എം പി
മസ്കറ്റ്
14 ഏപ്രിൽ 2020 : 11:30 am
Comments
Post a Comment