കഥ | മീനമാസത്തിലെ പൂരം നാൾ
മീനമാസത്തിലെ പൂരം
ബാല്യകാലത്തെ ഒരോർമ... എനിക്ക് അഞ്ചോ ആറോ വയസ്സായിരിക്കണം... എൺപതുകളുടെ തുടക്കം... വീട്ടിൽ എലെക്ട്രിസിറ്റി കണക്ഷൻ ഇനിയും വന്നിട്ടില്ല... അമ്മ എന്നും സാധാരണ രാവിലെ അഞ്ച് മണിക്കാണ് എണീക്കുക. മൂട്ടവിളക്ക് എന്ന് വിളിക്കുന്ന ചെറിയ മണ്ണെണ്ണ വിളക്കാണ് പ്രകാശസ്രോതസ്സ്. ബ്രിൽ മഷിയുടെ കുപ്പിയുടെ അടപ്പിൽ ദ്വാരമിട്ട് അതിലൂടെ ജഗന്നാഥൻ മുണ്ട് കീറി ഉണ്ടാക്കിയ തിരികൾ ഇട്ട് ഏടത്തി വേറെയുംവിളക്കുകൾ തയ്യാറാക്കി വെക്കാറുണ്ട്. രാവിലെ ആറുമണി വരെ മതി വിളക്ക് ... അപ്പോഴേക്കും നല്ല സൂര്യവെളിച്ചം വരും...
രാവിലെ അഞ്ചു മണിക്ക് തോട്ടേക്കോട്ടു ശിവ ക്ഷേത്രത്തിൽ നിന്നുമുള്ള ഭക്തിഗാനസുധ മൈക്കിലൂടെ കേൾക്കാം. ചിലപ്പോളൊക്കെ അഞ്ചു കിലോമീറ്റർ അകലെയുള്ള ത്രിത്താംതോന്നി അമ്പലത്തിലെ പോലും മൈക്കിലെ പാട്ടുകൾ കേൾക്കാറുണ്ട്. ശബ്ദമലിനീകരണം എത്രമാത്രം കുറവായിരുന്നു അന്ന് എന്ന് ഊഹിക്കാം. അമ്മയുടെ അലാറം ക്ലോക്ക് ഒരു പക്ഷെ അമ്പലത്തിലെ മൈക്കായിരുന്നിരിക്കാം... എണീറ്റതും അമ്മ അച്ഛന് ചായ ഉണ്ടാക്കും, അത് കൊടുക്കാൻ വേണ്ടി ആയിരിക്കും അമ്മ വിളിക്കുക... “അതേയ് എണീറ്റോളൂ” ... എത്ര സുഖമുള്ള അലാറം...
ചായ കുടിച്ചതും അച്ഛൻ ഒരു തോർത്തുമുണ്ടുമായി അമ്പലകുളത്തിലേക്കു പോവും... മകരത്തിലെ മരം കോച്ചും തണുപ്പിലും ഈ പതിവ് തെറ്റില്ല... ആറു മണിയോടെ അച്ഛൻ കുളിച്ചു വരും. വലിയൊരു ഭക്തനൊന്നും അല്ലാത്തതുകൊണ്ട് നീണ്ട പ്രാർത്ഥനയൊന്നും പതിവില്ല. കറകളഞ്ഞ കമ്മ്യൂണിസ്റ്റിന്റെ എല്ലാ നല്ല വശങ്ങളും അച്ഛനുണ്ടായിരുന്നു.
മുടിചീകി, മുഖത്ത് പോൻഡ്‌സ് പൌഡർ ഇട്ട് നേരെ മാതൃഭൂമി പത്രത്തിലേക്ക്. അരമണിക്കൂർ കൊണ്ട് വാർത്തകൾ സ്കാൻ ചെയ്ത് അടുക്കളയുടെ ഒരു മൂലക്കിരിക്കുന്ന മരത്തിന്റെ പലക നീക്കി നിലത്തു വെക്കും...
അപ്പോഴേക്കും അമ്മയുടെ കഞ്ഞി റെഡി ആയിരിക്കും, കൂടെ ചന്തമളകും ചേർത്ത് അമ്മിയിൽ അരച്ച തേങ്ങാചമ്മന്തിയും. പാതി പഴുത്ത വീതിയുള്ള പ്ലാവിലയുടെ അറ്റം മടക്കി ഈർക്കിലി കൊണ്ട് കുത്തിയ സ്പൂണും റെഡി.
അച്ഛന്റെ എന്നത്തേയും ഏറ്റവും ഇഷ്ടായ വിഭവവും ഇതുതന്നെ... ഇത്രയും സമയം പതിയെ വീശുന്ന കാറ്റിൽ പാറുന്ന മുറ്റത്തെ പ്ലാവിലകളുടേയും അടുത്ത പാറക്കൽ വീട്ടിലെ മുളങ്കാട്ടിൽ കൂടുള്ള കുയിലിന്റെയും ശബ്ദമല്ലാതെ വേറെ ഒന്നും കേൾക്കില്ല. രാവിലെ ഇത്രയായിട്ടും ആരും ഇതുവരെഒന്നും ഉരിയാടിയിട്ടില്ല.
അപ്പോഴേക്കും ഏടത്തി ചൂലും പിടിച്ചു മുറ്റവും ഇടവഴിയും അടിച്ചുവാരാൻ ഇറങ്ങും.
“ബാലാ, ഇന്നല്ലേ മീനത്തിലെ പൂരം... അന്റെ പറന്നാളാട്ടൊ”... ഏടത്തിയാണ് അന്തരീക്ഷത്തിലെ മൗനം ഭഞ്ജിച്ചത്.
“അപ്പാത്യേ, പെറന്നാളായിട്ട് അണക്കു ദോശ ഇണ്ടാക്കാർന്നില്യേ... ഇന്നും കഞ്ഞിയെന്നെല്ലേ”!
“ഹേയ് ഇയ്‌ക്ക് ദോശേന്നും വേണ്ടാ ... കഞ്ഞിയാ നല്ലത്...”
“ആ നെന്റെ ഇഷ്ട്ടം ... ഞാൻ പറഞ്ഞൂന്നു മാത്രം"... ഏടത്തി ഇനി രണ്ടു മണിക്കൂർ കഴിഞ്ഞേ അടിച്ചു വാരി വരൂ... പദ്മാവതിയുടെ ഇതേ കഞ്ഞി കുടിക്കാൻ.
ഏഴ്, ഏഴേകാലിനൊക്കെ അച്ഛൻ മുണ്ടും ഷർട്ടും ഇട്ട് റെഡി ആവും. അന്ന് പട്ടാമ്പി പോസ്റ്റാഫീസിൽ പോസ്റ്റുമാഷായിരുന്നു എന്നാണ് ഓർമ. അതല്ലാതെ പാലക്കാട് സർക്കിളിലെ ഏതാണ്ട് എല്ലാ പോസ്റ്റാഫീസിലും അച്ഛൻ വർക്ക് ചെയ്തിട്ടുണ്ട്; ഷൊർണൂർ, ചെർപ്ലശ്ശേരി, തച്ചമ്പാറ, അഗളി, പട്ടാമ്പി, ആനക്കര, കുമ്പിടി, കൂറ്റനാട്, കുമരനെല്ലൂർ, തിരുവേഗപ്പുറ, അങ്ങനെ അങ്ങനെ...
അച്ഛൻ അമ്മയോട് “പോട്ടെ” എന്ന് മാത്രമേ പറയൂ ..
“ആ”... എന്ന് അമ്മയും. ഇതിനിടക്ക് ജന്മദിനാശംസകൾ അമ്മ അച്ഛന് നേർന്നിരിക്കാം... അറിയില്ല!
വൈകീട്ട് സ്‌കൂൾ വിട്ടുവന്ന് രാമനുണ്ണി, പരിമള, ഗീത എന്നിവരോടൊപ്പം കളിയൊക്കെ കഴിഞ്ഞു കാലും മുഖവും കഴുകി ഭസ്മകുറീം തൊട്ട് കാത്തിരിപ്പാണ്... അച്ഛൻ കൊണ്ടുവരുന്ന കപ് കേക്കിന്. ചിലപ്പോൾ വലിയ കപ്കേക്കിന്റെ മോളിൽ ചുവന്നു തുടുത്ത ചെറിയും ഉണ്ടാവും. ഇത് എന്നത്തേയും പതിവാണ്. ഏഴരയോടെ അച്ഛൻവരും... ബ്രൗൺ കവർ എനിക്ക് തരും... എല്ലാർക്കും ഓരോ കപ് കേക്ക്. ചിലപ്പോൾ ബൺ ആയിരിക്കുംകൊണ്ടുവരിക
പിന്നെ അച്ഛന്റെ കുളി കഴിഞ്ഞു, ചോറ് മൊളകൂഷ്യം കൂട്ടി കഴിക്കും. പപ്പടം ചുട്ടത് ഉണ്ടായാൽ ഇഷ്ട്ടം ... ഇല്ലെങ്കിലും വാശിയില്ല...
ഏടത്തി വീണ്ടും അനിയന്റെ പിറന്നാൾ ഓര്മപെടുത്തും. അപ്പോൾ അമ്മ ഉച്ചക്ക് എമ്പ്രാന്തിരി ദേവീക്ഷേത്രത്തിൽ നേദിച്ച നാളികേരം ചിരവിയിട്ട അരിപ്പായസം എടുത്തു വരും. ഒരാൾക്ക് ഒരു സ്പൂൺ. അത് പ്രസാദം പോലെ തന്നെ കഴിച്ചു കൈ ട്രൗസറിൽ തുടക്കും. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ മിഴികൾ താനേ അടഞ്ഞുപോവും.
“ഡാ... പോയി കിടക്ക്”.. അമ്മയുടെ ഉപദേശം.. അപ്പോൾ ഏടത്തി വീണ്ടും അനിയന്റെ പിറന്നാളിലേക്ക്...
“ബാലാ, നിനക്കൊന്നും വാങ്ങീല്യേടാ..” അപ്പോൾ അച്ഛൻ ആകെയുള്ള ബെഡ്റൂമിൽ പോയി ജഗന്നാഥൻ മുണ്ടിന്റെ ഒരു റോൾ എടുത്തു വരും.
മൂത്താശാരി ചാമി കൊടുത്ത പഴയ ഒരു അളവുകോൽ ഉണ്ടായിരുന്നു. അതിൽ മൂന്നോ നാലോ കോലളന്നു അമ്മയോട് ഒരറ്റം പിടിക്കാൻ പറയും. പിന്നെ ആ അളന്ന സ്ഥലം നോക്കി ഒറ്റ കീറലാണ്. തീഷ്ണമായ ഒരു ശബ്ദത്തോടെ ഒരു ഒറ്റമുണ്ട് റെഡി.
അങ്ങനെ ഒരു മൂന്നെണ്ണം കൂടി. അച്ഛനും അമ്മയ്ക്കും എടത്തിക്കും അച്ഛമ്മക്കും ഓരോന്ന്... വീണ്ടും ആ ജഗന്നാഥൻ മുണ്ടിന്റെ റോൾ കീറാൻ എടുക്കുന്നത് ഓണത്തിനാണ്. ഈ കീറിയ മുണ്ടുകളുടെ വക്ക് നൂലും സൂചിയുംകൊണ്ട് തുന്നി ശരിയാക്കുന്നതാണ് ഏടത്തിയുടെ അടുത്ത രണ്ടു ദിവസത്തെ ഏറ്റവും ഇഷ്ടമുള്ള പണി. ഇത്രയും നടക്കുന്നതോടു കൂടി ഞാൻ നിദ്രാഭഗവതിയെ വിലയം പ്രാപിക്കും.
പിന്നീട് അനവധി പിറന്നാളുകൾ കഴിഞ്ഞു പോയി.. ഏതാണ്ട് 30 വർഷങ്ങൾക്കു ശേഷം ആ വർഷവും മീനത്തിലെ പൂരം വന്നു. അച്ഛന് തീരെ വയ്യാതായ സമയം. തീഷ്ണമായ നടുവേദന വന്നു തുടങ്ങിയിരുന്നു. അച്ഛന് ഇതുവരെ വരാത്തൊരു വേദനയായിരുന്നു അത്. ബാക്കിയെല്ലാം വന്നു പോയി. വീണ്ടും ഒന്നര മാസം.
അച്ഛൻ തീർത്തും മോഹൻ ഡോക്ടറുടെ ചികിത്സയിൽ മാത്രം ദിവസം തള്ളി നീക്കിയ നാളുകൾ. അന്നുവരെ അമ്മയും അച്ഛനും ഒരുദിവസം പോലും ഒന്നിച്ചല്ലാതെ ഇരുന്നിട്ടില്ല എന്ന് ചേച്ചി ഓർത്തെടുത്തു. ഒരു പക്ഷെ നമുക്കുള്ളപോലെ ഇന്നത്തെയത്രയൊന്നും ആഗ്രഹങ്ങൾ അവർക്കില്ലാതിരുന്നിരിക്കാം. സമയത്തോടും വിധിയോടും ഉള്ള അച്ഛന്റെ ചെറുത്തുനിൽപ് അവസാനിച്ചു...
അന്നും ഒരു പിറന്നാൾ ആയിരുന്നു... അമ്മയുടെ ... എടവത്തിലെ തൃക്കേട്ട.അമ്മക്കെന്നും ഓർത്തുവെക്കാൻ അച്ഛൻ തന്നെ ആ ദിവസം തെരഞ്ഞെടുത്തോ? ചേച്ചി പറഞ്ഞപോലെ സ്വർഗത്തിരുന്നു മൂപ്പര് സാമ്പാറും കൂട്ടി പിറന്നാൾ സദ്യ ഉണ്ടുകാണും.. അനിയൻ ബാലനെ ജീവന് തുല്യം സ്നേഹിച്ചസ്വന്തം ഏടത്തിയുടെ ഒപ്പം... ഭാഗ്യവാൻ...
സസ്നേഹം
മനു എം പി
2020: April 6 Monday
Excellent Manu.
ReplyDeleteThanks 😊
DeletePranamam ..
DeleteAchante atmavinu mokshaprapthikkayi prarthichu Aa nalla dinangale veendum veendum orkkan oravasaram thannathinu first thanks manu. Njagaludeyum kuttikkalam engine thanne ayirunnu....Nostalgia...
Ee adutha divasam njanu plavila kuthi kanjiyum chammanthiyum kazhiche ullu ...Manu...thanks a lot for sharing Achans Birthday
Thanks 🙏
Delete